ബൈക്ക് പ്രേമികൾക്ക് സന്തോഷവാർത്തയുമായി സുസുക്കി. ജനപ്രിയ ജിക്സർ ശ്രേണിയിലെ അഞ്ച് മോഡലുകൾക്ക് പുതിയ നിറങ്ങൾ അവതരിപ്പിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. ജിക്സർ, ജിക്സർ എസ്.എഫ്, ജിക്സർ 250, ജിക്സർ എസ്.എഫ് 250, ജിക്സർ എസ്.എഫ് 250 എഫ്.എഫ്.വി എന്നിവയ്ക്കാണ് പുതിയ കളർ ഓപ്ഷനുകൾ ലഭിച്ചിരിക്കുന്നത്. പുതിയ നിറങ്ങൾക്ക് പുറമെ ബൈക്കുകളുടെ എൻജിൻ, ഷാസി, സാങ്കേതിക സവിശേഷതകൾ എന്നിവയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
155 സിസി വിഭാഗത്തിലെ ജിക്സറിനും ജിക്സർ എസ്.എഫിനും മെറ്റാലിക് ഓർട്ട് ഗ്രേ–പേൾ ബ്ലേസ് ഓറഞ്ച് ഡ്യുവൽ ടോൺ നിറമാണ് പുതിയതായി ലഭിച്ചിരിക്കുന്നത്. ജിക്സറിന്റെ എക്സ്-ഷോറൂം ഡൽഹി വില 1,37,221 രൂപയിൽ ആരംഭിക്കുമ്പോൾ ജിക്സർ എസ്.എഫിന് 1,40,729 രൂപയാണ് പ്രാരംഭ വില. രണ്ട് മോഡലുകളിലും 155 സിസി സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് തുടരുന്നത്.
250 സിസി ശ്രേണിയിലും പുതിയ നിറം എത്തിയിട്ടുണ്ട്. ജിക്സർ 250, ജിക്സർ എസ്.എഫ് 250 എന്നിവയ്ക്ക് ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്–മെറ്റാലിക് ഓർട്ട് ഗ്രേ ഡ്യുവൽ ടോൺ നിറമാണ് പുതുതായി നൽകിയിരിക്കുന്നത്. ജിക്സർ 250ന് 1,84,517 രൂപയും ജിക്സർ എസ്.എഫ് 250ന് 1,92,768 രൂപയുമാണ് എക്സ്-ഷോറൂം ഡൽഹി വില.
രണ്ട് 250 സിസി മോഡലുകളിലും 249 സിസി ഓയിൽ-കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഉപയോഗിക്കുന്നത്. 26.5 പി.എസ്. പവറും 22.2 എൻ.എം. ടോർക്കും നൽകുന്ന എൻജിനൊപ്പം ആറ് സ്പീഡ് ഗിയർബോക്സും ഡ്യുവൽ ചാനൽ എ.ബി.എസും ലഭിക്കും.
ഫ്ലെക്സ്-ഫ്യൂവൽ മോഡലായ ജിക്സർ എസ്.എഫ് 250 എഫ്.എഫ്.വിക്കും പുതിയ നിറങ്ങൾ ലഭിച്ചു. ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്–മെറ്റാലിക് ഓർട്ട് ഗ്രേ ഡ്യുവൽ ടോണിന് പുറമെ പൂർണമായും ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് നിറവും പുതിയതായി ലഭ്യമാണ്. 1,98,476 രൂപയാണ് മോഡലിന്റെ എക്സ്-ഷോറൂം ഡൽഹി വില.
എത്തനോൾ 85 ശതമാനം വരെ കലർത്തിയ ഇന്ധനത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ഫ്ലെക്സ്-ഫ്യൂവൽ സാങ്കേതികവിദ്യയാണ് ജിക്സർ എസ്.എഫ് 250 എഫ്.എഫ്.വിയുടെ പ്രത്യേകത. 27.9 പി.എസ്. പവറും 22.5 എൻ.എം. ടോർക്കുമാണ് ഈ മോഡലിന്റെ എൻജിൻ നൽകുന്നത്.
പുതിയ നിറങ്ങളിലൂടെ ജിക്സർ ശ്രേണിക്ക് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുകയാണ് സുസുക്കിയുടെ ലക്ഷ്യം. എന്നാൽ പ്രകടനത്തിലോ മെക്കാനിക്കൽ സജ്ജീകരണത്തിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ നിറങ്ങളിലുള്ള ബൈക്കുകൾ രാജ്യത്തെ സുസുക്കി ഡീലർഷിപ്പുകളിൽ ലഭ്യമാകും.
