മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ കീഴ്ക്കോടതി പുറപ്പെടുവിച്ച ശിക്ഷാവിധിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന നിരീക്ഷണം അന്തിമ വിധിയുടെ ഭാഗമാക്കിയത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു.
കീഴ്ക്കോടതി വിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സിബിഐക്കും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചു.
പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഗീതാനന്ദൻ, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ, 11-ാം പ്രതി അനിൽകുമാർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കൽപ്പറ്റ സെഷൻസ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ അപ്പീൽ നൽകിയത്.
കീഴ്ക്കോടതി വിധിയിൽ നിരവധി നിയമപരമായ പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും, വധശ്രമക്കുറ്റം നിലനിൽക്കില്ലെന്നും, അതിനാൽ ശിക്ഷാവിധി റദ്ദാക്കണമെന്നും അപ്പീലിൽ വാദിക്കുന്നു.
വിവിധ കുറ്റങ്ങൾ പ്രകാരം പ്രതികൾക്ക് ആകെ 19 വർഷത്തെ തടവും, വധശ്രമക്കേസിൽ അഞ്ച് വർഷത്തെ തടവും സെഷൻസ് കോടതി വിധിച്ചിരുന്നു. എന്നാൽ ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും, പരമാവധി അഞ്ച് വർഷം തടവ് അനുഭവിച്ചാൽ ശിക്ഷ പൂർത്തിയാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അപ്പീൽ പരിഗണിച്ച ഹൈക്കോടതി, കേസിലെ വിധിയും തെളിവുകളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി തുടർനടപടികൾക്കായി കേസ് മാറ്റിവച്ചു.
