പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അന്വേഷണം നടന്നതെന്നും തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പുനർജനി കേസിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പ്രതികരിക്കവെയാണ് ചെന്നിത്തലയുടെ പരാമർശം. വിഷയത്തിന്റെ യാഥാർഥ്യം മനസ്സിലാക്കാത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“കേസിൽ എന്തെങ്കിലും തെളിവുണ്ടായിരുന്നെങ്കിൽ അന്നത്തെ സർക്കാർ എന്തുകൊണ്ട് അന്വേഷണം സിബിഐയ്ക്കോ മറ്റ് ഏജൻസികൾക്കോ കൈമാറിയില്ല?” എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
അതേസമയം, എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ശ്രീജിത്തിനെതിരെ യാതൊരു കേസും നിലനിന്നിരുന്നില്ലെന്നും അതുകൊണ്ടാണ് ഡിജിപി സ്ഥാനത്തേക്ക് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും സംബന്ധിച്ച വിമർശനങ്ങൾക്കും ചെന്നിത്തല മറുപടി നൽകി. പ്രളയബാധിത മേഖലകളിൽ സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നുവെന്നും, ഗുരുതരമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് ചില സന്ദർശനങ്ങൾ ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രിയും താനും ഹെലികോപ്റ്ററിൽ പ്രദേശങ്ങൾ സന്ദർശിച്ചപ്പോഴും പല സ്ഥലങ്ങളിലും ഇറങ്ങാതിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മഴക്കെടുതി രൂക്ഷമായ ഘട്ടത്തിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈൻ യോഗങ്ങളിലൂടെ സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
