അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ജല-മലിനജല ശുദ്ധീകരണ സംവിധാനങ്ങൾക്കെതിരെ സൈബർ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. കുറഞ്ഞത് ഒരു ഡസൻ സംസ്ഥാനങ്ങളിലെ യൂട്ടിലിറ്റി സംവിധാനങ്ങളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി അവസാനത്തോടെ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ ഇറാനുമായി ബന്ധപ്പെട്ട സൈബർ ഗ്രൂപ്പുകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് അമേരിക്കൻ അധികൃതരുടെ പ്രാഥമിക സംശയം. എന്നാൽ ഇറാന്റെ പങ്കാളിത്തം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആരോപണങ്ങളോട് ടെഹ്റാനും പ്രതികരിച്ചിട്ടില്ല.
ജൂലൈ അവസാനത്തോടെ ഏഴ് സംസ്ഥാനങ്ങളിലെ ജല-മലിനജല സംവിധാനങ്ങളെ “ക്ഷുദ്ര സൈബർ പ്രവർത്തകർ” ലക്ഷ്യമിട്ടതായി എഫ്ബിഐ വ്യക്തമാക്കിയിരുന്നു. ഈ ആക്രമണങ്ങൾ ചില പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങളെ ബാധിച്ചതായും ഏജൻസി അറിയിച്ചു. പിന്നീട് കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി സമാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായും അമേരിക്കൻ മാധ്യമങ്ങൾ പറയുന്നു.
മിഷിഗൺ, മിനസോട്ട, ന്യൂജേഴ്‌സി, സൗത്ത് ഡക്കോട്ട, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ സംവിധാനങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടത്. പാസ്‌വേഡുകൾ മാറ്റുക, അലാറം സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കുക തുടങ്ങിയ രീതികളിലൂടെ ഓപ്പറേറ്റർമാരുടെ നിയന്ത്രണം നഷ്ടപ്പെടുത്താനായിരുന്നു ശ്രമമെന്നാണ് റിപ്പോർട്ട്. എന്നാൽ ജലവിതരണ സേവനങ്ങളിൽ വലിയ തടസ്സങ്ങളോ പൊതുജനാരോഗ്യ പ്രശ്നങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല.
ഹാക്കിംഗ് സംഭവത്തിന് പിന്നാലെ എല്ലാ സംവിധാനങ്ങളും സുരക്ഷിതമായി പ്രവർത്തിച്ചുവെന്നും പ്രാദേശിക ഓപ്പറേറ്റർമാർ പ്രശ്നങ്ങൾ പരിഹരിച്ചതായും മിഷിഗൺ സ്റ്റേറ്റ് പോലീസ് അറിയിച്ചു.
സൈബർ ഭീഷണി കണക്കിലെടുത്ത് സാധ്യമാകുന്നിടത്ത് സംവിധാനങ്ങൾ ഇന്റർനെറ്റിൽ നിന്ന് വിച്ഛേദിക്കാനും സുരക്ഷിത സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാനും ആവശ്യമെങ്കിൽ മാനുവൽ നിയന്ത്രണ സംവിധാനങ്ങളിലേക്ക് മാറാൻ തയ്യാറാകാനും എഫ്ബിഐ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. “ഇറാനെ കുറ്റപ്പെടുത്താൻ എനിക്ക് തോന്നുന്നില്ല. മിനസോട്ടയിലെ ഭരണപരമായ വീഴ്ചകളാണ് പ്രശ്നത്തിന് കാരണമെന്നാണ് ഞാൻ കരുതുന്നത്,” എന്ന് അദ്ദേഹം പ്രതികരിച്ചു. മിനസോട്ട ഗവർണർ ടിം വാൾസിനെയും ട്രംപ് വിമർശിച്ചു.
ഇതിന് മറുപടിയായി, ആക്രമണത്തിന് ഉത്തരവാദികൾ ആരാണെന്ന് ട്രംപിന് അറിയാമെന്നും ഇത്തരം സൈബർ ആക്രമണങ്ങൾ ആധുനിക യുദ്ധത്തിന്റെ പുതിയ മുഖമാണെന്നും ടിം വാൾസ് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. അമേരിക്കയിലെ ജലശുദ്ധീകരണ സംവിധാനങ്ങളിൽ സൈബർ സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകൾക്കിടെയാണ് പുതിയ സംഭവവികാസങ്ങൾ.
