വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് ഊന്നൽ; ജനങ്ങളെ കേൾക്കാൻ ‘ക്യാ ബോൽതി’ പബ്ലിക് ക്യാമ്പയിനുമായി സിജെപി

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടനാ സംവിധാനം രാജ്യവ്യാപകമായി വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി സെപ്റ്റംബർ മുതൽ ‘ക്യാ ബോൽതി’ പബ്ലിക് ക്യാമ്പയിൻ ആരംഭിക്കാൻ തീരുമാനമായി.

മുംബൈയിലെ ഛത്രപതി സാംബാജി നഗരത്തിൽ ചേർന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും അവരുടെ ആവശ്യങ്ങളും ആശങ്കകളും രേഖപ്പെടുത്തുകയും ചെയ്യും.

സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആരംഭിക്കാനും അംഗത്വ വിതരണം വ്യാപകമാക്കാനും യോഗം തീരുമാനിച്ചു. അഭിജിത് ദിപ്കെയെ കൺവീനറായും സൗരവ് ദാസിനെയും അശുതോഷ് രംഗയെയും കോ-കൺവീനർമാരായും നിയമിച്ചു.

രാജ്യത്തെ അഞ്ച് സോണുകളായി വിഭജിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഉപസമിതികൾക്കും രൂപം നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്കരണമാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് കൺവീനർ അഭിജിത് ദിപ്കെ വ്യക്തമാക്കി. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള യുവജന പ്രശ്നങ്ങൾ ശക്തമായി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വിദ്യാഭ്യാസ രംഗം വ്യാപാരവൽക്കരിക്കപ്പെടുകയാണെന്നും സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാകാത്ത വിധം വിദ്യാഭ്യാസച്ചെലവ് വർധിച്ചിരിക്കുകയാണെന്നും ദിപ്കെ ആരോപിച്ചു. ഈ വിഷയങ്ങൾ പൊതുജനങ്ങൾക്കിടയിൽ ശക്തമായി ഉന്നയിക്കുമെന്നും വരും മാസങ്ങളിൽ രാജ്യവ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക