കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ടു. വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എന്നാൽ, കോൺഗ്രസ് പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എക്സ്പ്രസ് വേയിലെ ഫാസ്റ്റ് ട്രാക്കിൽ ആംബുലൻസും സമീപത്തെ മറ്റ് പാതകളിലായി നിരവധി വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം തകർന്ന സ്കോർപിയോ എസ്‌യുവി ആംബുലൻസിന് തൊട്ടുമുന്നിൽ നിൽക്കുന്നതും കാണാം.
കോടതിവിചാരണയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ലഖ്‌നൗവിൽനിന്ന് സുൽത്താൻപൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ കാരണം സംബന്ധിച്ചും പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.
