സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണ സംവിധാനത്തിൽ സുപ്രധാന മാറ്റം വരുത്തി സർക്കാർ. സഹകരണ ബാങ്കുകൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി അവസാനിപ്പിച്ച്, തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകാനാണ് തീരുമാനം.
ഇത് സംബന്ധിച്ച ഉത്തരവ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറത്തിറക്കി. കേന്ദ്ര സർക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
പുതിയ തീരുമാനത്തോടെ വയോജനങ്ങൾ ഉൾപ്പെടെയുള്ള ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്ക് ജീവനക്കാർ വീടുകളിൽ എത്തി പെൻഷൻ കൈമാറുന്ന രീതി അവസാനിക്കും. കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് മാത്രമായിരിക്കും ഇനി നേരിട്ട് വീട്ടിലെത്തി പെൻഷൻ വിതരണം ചെയ്യുക.
മുൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയിരുന്ന വീട്ടിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന പദ്ധതി ലക്ഷക്കണക്കിന് വയോജനങ്ങൾക്ക് ആശ്വാസമായിരുന്നു. എന്നാൽ ഈ സംവിധാനം തുടരുന്നതിന് സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ അധിക ചെലവ് വരുന്നതും ഡി.ബി.ടി മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തടസ്സമാകുന്നതുമാണ് മാറ്റത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ബാങ്കുകളിലെത്താൻ പ്രയാസമുള്ള വയോജനങ്ങൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഗുണഭോക്താക്കൾക്കും പുതിയ തീരുമാനം ആശങ്കയുണ്ടാക്കുന്നുണ്ട്. ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ടുകളെ ആശ്രയിക്കുന്നതോടെ നിരവധി പേർക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണരീതിയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന തീരുമാനമായാണ് പുതിയ സർക്കാർ ഉത്തരവിനെ വിലയിരുത്തുന്നത്.
