ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കിയാൽ ജനങ്ങളുടെ ചോദ്യങ്ങൾ ഇല്ലാതാകില്ല; കേന്ദ്രത്തിനെതിരെ അഭിജീത് ദിപ്കെ

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കുമെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകൻ അഭിജീത് ദിപ്കെ. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തതുകൊണ്ട് ജനങ്ങളുടെ പരാതികളും ചോദ്യങ്ങളും ഇല്ലാതാകില്ലെന്നും ഇത്തരം നിയന്ത്രണങ്ങൾ സർക്കാരിനോടുള്ള അവിശ്വാസം വർധിപ്പിക്കാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻസ്റ്റഗ്രാമിലെ നിയന്ത്രണ നടപടികളെക്കുറിച്ച് ബുധനാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ദിപ്കെ നിലപാട് വ്യക്തമാക്കിയത്. ജനങ്ങൾ തങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനുള്ള ഒരു വേദി മാത്രമാണ് ഇൻസ്റ്റഗ്രാമെന്നും ആ ചോദ്യങ്ങൾക്ക് കാരണമാകുന്ന പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങൾക്കപ്പുറത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് പോസ്റ്റുകളും അക്കൗണ്ടുകളും ദിവസേന നീക്കം ചെയ്താലും ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ അതുകൊണ്ട് അവസാനിക്കില്ലെന്ന് ദിപ്കെ പറഞ്ഞു. അഭിപ്രായപ്രകടനങ്ങൾക്കുള്ള നിയന്ത്രണം, സർക്കാരിനോട് മറുപടി തേടുന്ന ജനങ്ങൾക്കിടയിൽ കൂടുതൽ അവിശ്വാസം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിനുമുള്ള ഉത്തരവുകൾക്കെതിരെ വിവിധ പ്രവർത്തകരും രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പ് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പ്രകാരമുള്ള നിയന്ത്രണങ്ങളും അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.

പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, ഭരണപരമായ പ്രശ്നങ്ങൾ, പൊതുസൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാനുള്ള വേദിയാണ് സമൂഹമാധ്യമങ്ങളെന്നാണ് വിമർശകരുടെ നിലപാട്. അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, ഇന്ത്യയിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിയന്ത്രിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന ‘ബ്രിങ് ബാക്ക് ബാലറ്റ്’ സംരംഭവുമായി ബന്ധപ്പെട്ട @bring_back__ballot എന്ന അക്കൗണ്ട് നിയന്ത്രിച്ചതിനെതിരായ ഹർജിയിലാണ് നടപടി.

മിഷൻ സേവ് കോൺസ്റ്റിറ്റ്യൂഷന്റെയും സംഘടനയുടെ ദേശീയ കൺവീനറും അഭിഭാഷകനുമായ മെഹ്മൂദ് പ്രാച്ചയുടെയും സംരംഭവുമായി ബന്ധപ്പെട്ടതാണ് ഈ അക്കൗണ്ട്. ഒക്ടോബർ 10ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് അക്കൗണ്ട് ഇന്ത്യയിൽ നിയന്ത്രിച്ചതെന്നാണ് ഹർജിയിലെ വിശദീകരണം.

ജസ്റ്റിസ് അമിത് മഹാജൻ കേന്ദ്ര സർക്കാരിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നോട്ടീസ് അയച്ചു. നവംബർ ആറിന് കേസ് വീണ്ടും പരിഗണിക്കും. മെറ്റ പ്ലാറ്റ്‌ഫോംസിനുവേണ്ടി അഭിഭാഷക അമീ റാണയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എന്നിവർക്കുവേണ്ടി കേന്ദ്ര സർക്കാർ സ്റ്റാൻഡിങ് കൗൺസൽ ആശിഷ് ദീക്ഷിതും നോട്ടീസ് സ്വീകരിച്ചു.

അഭിഭാഷകൻ നിഖിൽ ഗുലിയാനി മുഖേന സമർപ്പിച്ച ഹർജിയിൽ, ഒക്ടോബർ 10ന് അക്കൗണ്ട് തുറക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയിൽ അക്കൗണ്ട് ലഭ്യമല്ലെന്നും നിയമപരമായ അഭ്യർഥനയെ തുടർന്ന് ഉള്ളടക്കം നിയന്ത്രിച്ചെന്നുമുള്ള സന്ദേശമാണ് ലഭിച്ചതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. നിയന്ത്രണ ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടില്ലെന്നും മുൻകൂർ അറിയിപ്പോ വാദം കേൾക്കാനുള്ള അവസരമോ നിയന്ത്രണത്തിന്റെ കാരണങ്ങളോ അറിയിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.

‘ഇവിഎം ഹടാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യവുമായി പേപ്പർ ബാലറ്റുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു അക്കൗണ്ട് വഴി പ്രചാരണം നടത്തിയത്. ഒക്ടോബർ 10ന് ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്യാനും അക്കൗണ്ട് ഉപയോഗിച്ചിരുന്നു. പ്രതിഷേധത്തെക്കുറിച്ച് ഒക്ടോബർ ഒമ്പതിന് ഡൽഹി പൊലീസിന് മുൻകൂർ അറിയിപ്പ് നൽകിയിരുന്നതായും ഹർജിയിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക