ഗ്യാനേഷ് കുമാർ ആത്മാഭിമാനം സംരക്ഷിക്കാൻ ഉടൻ രാജിവയ്ക്കണം: എം. എ ബേബി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആത്മാഭിമാനം സംരക്ഷിക്കാൻ ഉടൻ രാജിവയ്ക്കണമെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. പദവിയിൽ തുടരുന്നത് ഗ്യാനേഷ് കുമാറിനും അദ്ദേഹത്തിന്റെ ‘മേലധികാരികൾക്കും’ ദോഷകരമാകുമെന്നും ബേബി മുന്നറിയിപ്പ് നൽകി.

ഇടതുപക്ഷ പാർട്ടികളും എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളും മറ്റ് പാർട്ടികളും നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാർ നേരത്തെ തന്നെ രാജിവയ്ക്കേണ്ടതായിരുന്നുവെന്നും എം.എ. ബേബി പറഞ്ഞു.

‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിലാണ് ബേബിയുടെ പ്രതികരണം. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിയിലൂടെ 13 കോടി ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്തുവെന്നും ന്യൂനപക്ഷങ്ങൾ, ദലിതർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടവകാശം ജനാധിപത്യത്തിലെ പവിത്രമായ അവകാശമാണെന്നും അത് നിഷേധിക്കുന്നത് ജനാധിപത്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ബേബി പറഞ്ഞു. ഇവിഎമ്മുകളിൽ കൃത്രിമം നടത്താനാകുമെന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ 100 ശതമാനം വിവിപാറ്റ് പരിശോധന നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സിപിഐഎം ശക്തി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ബേബി പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഇടതുപക്ഷ, ജനാധിപത്യ ശക്തികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാ ബ്ലോക്കിനെ കൂടുതൽ ശക്തിപ്പെടുത്തുകയും സജീവമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും സമാന ചിന്താഗതിക്കാരായ പാർട്ടികളെയും ജനാധിപത്യ ശക്തികളെയും അതിന്റെ ഭാഗമാക്കണമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക