കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ വിമർശനവുമായി മന്ത്രി പി. രാജീവ്. വിധി സാമാന്യ നീതിന്യായ വ്യവസ്ഥയുടെ യുക്തിക്ക് നിരക്കാത്തതാണെന്നും സസ്പെൻഷൻ മൂലമാണ് വിദ്യാർഥികൾക്ക് ഹാജർ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധമില്ലാത്ത മറ്റ് ഉത്തരവുകളും വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാജീവ് ആരോപിച്ചു.
സമരം ചെയ്യാനുള്ള അവകാശം മൗലികാവകാശമാണ്. അന്വേഷണം പൂർത്തിയാക്കി വിദ്യാർഥികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാൽ നഷ്ടപ്പെട്ട അധ്യയനവർഷം തിരിച്ചുനൽകാൻ കോടതിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഹാജർ കുറവുണ്ടെങ്കിലും ലോ കോളേജ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി വിധിയുണ്ടെന്നും രാജീവ് ചൂണ്ടിക്കാട്ടി. തെറ്റായ വിധിന്യായങ്ങൾ ഉദ്ധരിച്ചാണ് കാലടി സർവകലാശാലാ വിഷയത്തിൽ ഉത്തരവുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പി. രാജീവ് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കേരളത്തിലെ മോദിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, റോജി എം. ജോണാണ് അതിന് അനുയോജ്യനായ മന്ത്രിയെന്നും പരിഹസിച്ചു. മഹാരാജാസിലെ അക്കാദമിക് കൗൺസിലിൽ മുഴുവൻ ആർഎസ്എസ് അനുഭാവികളാണെന്നും രാജീവ് ആരോപിച്ചു.
