റിയാദിനെ പച്ചപ്പണിയിക്കാൻ ‘ഗ്രീൻ റിയാദ്’; 2030-ഓടെ 75 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കും

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ഹരിതാഭമാക്കാൻ വിപുലമായ പദ്ധതിയുമായി അധികൃതർ. ‘ഗ്രീൻ റിയാദ്’ പദ്ധതിയുടെ ഭാഗമായി 2030-ഓടെ നഗരത്തിൽ 75 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030-ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

നഗരത്തിലെ പച്ചപ്പ് വർധിപ്പിക്കുക, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ബോഡേക്കർ ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്‌ട്‌സ് സിഇഒ ജെൻസ് ബോഡേക്കർ പദ്ധതിയുടെ രൂപകൽപ്പനയെയും നിർവഹണത്തെയും കുറിച്ച് വിശദീകരിച്ചു.

റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിനെ ഹരിതാഭമായ നഗരമേഖലയാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ജർമൻ ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റ് റിച്ചാർഡ് ബോഡേക്കറുടെ മകനാണ് ജെൻസ് ബോഡേക്കർ. കിങ് സൽമാൻ പാർക്ക്, വാദി ഹനിഫ തുടങ്ങിയ പ്രധാന പദ്ധതികളിലും തങ്ങളുടെ കുടുംബത്തിന്റെ പങ്കാളിത്തം തുടരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മരുഭൂമിയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മരങ്ങൾ തിരഞ്ഞെടുക്കുക, ജലത്തിന്റെ പുനരുപയോഗം ഉറപ്പാക്കുക തുടങ്ങിയ തന്ത്രങ്ങൾക്കാണ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്. വരും ദശകങ്ങളിൽ റിയാദിൽ മരങ്ങളുടെ എണ്ണം ഒന്നരക്കോടിയായി ഉയരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ജെൻസ് ബോഡേക്കർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക