ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റും വിദ്യാർഥി നേതാവുമായ ഐഷി ഘോഷ് പങ്കെടുക്കാനിരുന്ന പരിപാടിക്ക് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചു. പാലയാട് ക്യാമ്പസിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ‘ഷീ ഫെസ്റ്റ്’ പരിപാടിക്കാണ് സർവകലാശാല അധികൃതർ അനുമതി നിഷേധിച്ചത്.
വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന കാരണത്താലാണ് പരിപാടിക്ക് അനുമതി നൽകാത്തതെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചു. ഇന്ന് രാവിലെ 11.30ന് പരിപാടി നടത്താനായിരുന്നു സംഘാടകരുടെ തീരുമാനം.
അതേസമയം, പരിപാടി ബലം പ്രയോഗിച്ച് തടയില്ലെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. എന്നാൽ അനുമതിയില്ലാതെ പരിപാടി നടത്തിയാൽ ബന്ധപ്പെട്ട വിദ്യാർഥികളോട് വിശദീകരണം തേടുമെന്നും സർവകലാശാല അറിയിച്ചു.
ഇതിനിടെ, നിശ്ചയിച്ച പ്രകാരം ഷീ ഫെസ്റ്റ് നടത്തുമെന്ന് എസ്‌എഫ്‌ഐ നേതൃത്വം പ്രഖ്യാപിച്ചു. പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയൽ തോമസ് പ്രതികരിച്ചു.
വൈസ് ചാൻസലർ സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച ജോയൽ തോമസ്, മുൻകൂട്ടി നിശ്ചയിച്ച സമയത്ത് തന്നെ പരിപാടി സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. സർവകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും എസ്‌എഫ്‌ഐ നേതൃത്വം സൂചന നൽകി.
