നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ കഴിഞ്ഞ മാസം നടന്ന പരാജയപ്പെട്ട സൈനിക കലാപത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ പ്രേരണയും പിന്തുണയും നൽകിയതായി നൈജർ ആരോപിച്ചു. സംഭവത്തിൽ അന്താരാഷ്ട്ര കോടതികളെ സമീപിക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും സൈനിക ഭരണകൂടം വ്യക്തമാക്കി.
വെള്ളിയാഴ്ച പരിവർത്തന നേതാവ് അബ്ദുറഹമാനെ ടിയാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഫ്രാൻസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ‘ഫ്രഞ്ച് ഭരണകൂടത്തിന്റെ’ നേതൃത്വത്തിലുള്ള ശൃംഖലയുടെ സഹായത്തോടെ നടത്തിയ, അന്താരാഷ്ട്ര പ്രത്യാഘാതങ്ങളുള്ള നീക്കമായിരുന്നു കലാപമെന്നാണ് നൈജർ സർക്കാർ ആരോപിച്ചത്.
രാജ്യത്തെ അസ്ഥിരപ്പെടുത്താനും പ്രകൃതിവിഭവങ്ങളിൽ പരമാധികാരം ഉറപ്പാക്കാനുള്ള നൈജറിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്താനുമാണ് കലാപകാരികളെ ഉപയോഗിച്ചതെന്നും സർക്കാർ പ്രസ്താവനയിൽ ആരോപിച്ചു. മാക്രോണും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും പൂർത്തിയാക്കാൻ കഴിയാത്ത ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനായി വഞ്ചകരെയും വിമത ഘടകങ്ങളെയും ഉപയോഗിച്ചുവെന്നും നൈജർ ആരോപിച്ചു.
കലാപവുമായി ബന്ധപ്പെട്ട് ‘ഗണ്യമായ രേഖകളും തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര കോടതികൾക്ക് മുന്നിൽ നടപടികൾ ആരംഭിക്കാനുള്ള അവകാശം നൈജർ നിലനിർത്തുന്നുവെന്നും’ സർക്കാർ വ്യക്തമാക്കി.
എന്നാൽ നൈജറിന്റെ ആരോപണം ഫ്രാൻസ് ശക്തമായി നിഷേധിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് ആരോപണങ്ങളെ ‘പൂർണമായ ഫാന്റസി’ എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരമൊരു സൈനിക നീക്കം സംഘടിപ്പിക്കാൻ പാരീസിന് ഉദ്ദേശ്യമോ ആവശ്യമായ സംവിധാനങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 28-ന് രാത്രിയാണ് നിയാമിയിലെ ദിയോറി ഹമാനി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ എയർ ബേസ് 101-ൽ സൈനിക കലാപം പൊട്ടിപ്പുറപ്പെട്ടത്. സ്പെഷ്യൽ ഇന്റലിജൻസ് ബറ്റാലിയനിലെ സൈനികരാണ് കലാപത്തിന് നേതൃത്വം നൽകിയതെന്നാണ് നൈജർ അധികൃതരുടെ വിശദീകരണം.
കലാപകാരികൾ സഹസൈനികരെ കസ്റ്റഡിയിലെടുക്കുകയും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വെടിവയ്പ് നടത്തുകയും ചെയ്തതിന് പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് നീങ്ങാൻ ശ്രമിച്ചെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ പ്രസിഡൻഷ്യൽ ഗാർഡ് ഇവരെ തടഞ്ഞു.
റഷ്യയുടെ ആഫ്രിക്ക കോർപ്സിന്റെ സഹായത്തോടെ വിശ്വസ്ത സൈനികർ കലാപം അടിച്ചമർത്തിയതായും നൈജർ അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിനിടെ പ്രസിഡൻഷ്യൽ ഗാർഡിലെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കലാപത്തെ തുടർന്ന് നൈജറിന് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങളായ റഷ്യ, അൾജീരിയ എന്നിവയ്ക്കും അലയൻസ് ഓഫ് സഹേൽ സ്റ്റേറ്റ്സിലെ സഖ്യകക്ഷികളായ ബുർക്കിന ഫാസോ, മാലി എന്നിവയ്ക്കും നൈജർ സർക്കാർ നന്ദി അറിയിച്ചു. കലാപം ആരംഭിച്ചതിന് പിന്നാലെ അൾജീരിയ നിയാമിയിലേക്ക് യുദ്ധവിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ എന്നിവ അയച്ചതായും റിപ്പോർട്ടുണ്ട്.
നൈജറും സഖ്യകക്ഷികളായ ബുർക്കിന ഫാസോയും മാലിയും ഫ്രാൻസിനെതിരെ നേരത്തെയും സമാന ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സഹേൽ മേഖലയിലെ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ പാരീസ് ശ്രമിക്കുന്നുവെന്നും മേഖലയിലെ ജിഹാദി കലാപങ്ങൾക്ക് പിന്നിലുള്ള സായുധ സംഘങ്ങൾക്ക് ഫ്രാൻസ് പിന്തുണ നൽകുന്നുവെന്നുമാണ് ഇവരുടെ പ്രധാന ആരോപണങ്ങൾ.
അതേസമയം, ഈ ആരോപണങ്ങളെല്ലാം ഫ്രാൻസ് ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്. പുതിയ ആരോപണത്തോടെ നൈജറും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതയാണ് ഉയരുന്നത്.
