റഷ്യൻ സമുദ്രവ്യാപാരത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ സമാനമായ നടപടികൾ തുടർന്നാൽ, പ്രതികാരമായി പാശ്ചാത്യ ചരക്കുകപ്പലുകൾ പിടിച്ചെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മുന്നറിയിപ്പ്. പസഫിക് ഫ്ലീറ്റ് കമാൻഡർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ കടുത്ത നിലപാട് വ്യക്തമാക്കിയത്.
റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റിന്റെ’ ഭാഗമാണെന്ന് ആരോപിച്ച് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ കപ്പലുകൾ പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് പുടിന്റെ പ്രതികരണം. റഷ്യൻ കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കുകയോ അവ പിടിച്ചെടുക്കുകയോ ചെയ്യുന്നത് അന്താരാഷ്ട്ര സമുദ്രനിയമത്തിന്റെ ലംഘനമാണെന്നും പുടിൻ ആരോപിച്ചു.
റഷ്യൻ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന നടപടികൾ തുടർന്നാൽ അതിന് തക്കതായ തിരിച്ചടി നൽകാൻ നിർബന്ധിതരാകുമെന്നും, ആക്രമണം നടക്കുന്ന അതേ സമുദ്ര മേഖലയിൽ തന്നെ തിരിച്ചടി നൽകണമെന്നില്ലെന്നും പുടിൻ വ്യക്തമാക്കി.
അതേസമയം, പാശ്ചാത്യ വാണിജ്യ കപ്പലുകളുടെ സഞ്ചാരത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ റഷ്യൻ സൈന്യത്തിന്റെ പക്കലുണ്ടെന്ന് പസഫിക് ഫ്ലീറ്റ് കമാൻഡർ അഡ്മിറൽ വിക്ടർ ലീന പറഞ്ഞു. ഏപ്രിൽ 24 മുതൽ ഓഗസ്റ്റ് 6 വരെ റഷ്യയുടെ പ്രത്യേക സാമ്പത്തിക മേഖല വഴി 1,001 കപ്പലുകൾ കടന്നുപോയതായും ഇതിൽ 379 എണ്ണം റഷ്യ സൗഹൃദമല്ലെന്ന് കണക്കാക്കുന്ന രാജ്യങ്ങളുടെ പതാക വഹിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റുമായി’ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കപ്പലുകൾക്കെതിരെ യുകെയും ഫ്രാൻസും ഉപരോധം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് റഷ്യയുടെ പുതിയ മുന്നറിയിപ്പ്.
