തെലങ്കാനയെ കോൺഗ്രസ് എടിഎമ്മാക്കി; രാഹുൽ ഗാന്ധിക്ക് പാർട്ടിയെ രക്ഷിക്കാനാകില്ല: അമിത് ഷാ

തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് നൽകിയ ആറ് ഉറപ്പുകൾ നടപ്പാക്കുന്നില്ലെന്നും സംസ്ഥാനത്തെ എടിഎമ്മാക്കി മാറ്റിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ‘ആർആർ നികുതി’ പിരിച്ച് ആ പണം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വഴി രാഹുൽ ഗാന്ധിയിലേക്ക് എത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന നിരവധി സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ജനപിന്തുണ നഷ്ടമായെന്നും രാഹുൽ ഗാന്ധിക്ക് പാർട്ടിയെ രക്ഷിക്കാനാകില്ലെന്നും അമിത് ഷാ വിമർശിച്ചു.

ഹൈദരാബാദിൽ തിങ്കളാഴ്ച നടന്ന തെലങ്കാന ബിജെപിയുടെ മഹാ പദയാത്രയുടെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോക്തന്ത്ര ബച്ചാവോ – അരാജകത്വം ഹഠാവോ’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച യാത്രയിൽ ബിജെപി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. രാജ്യവ്യാപകമായി വോട്ടർപട്ടികയിൽ നടക്കുന്ന പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആർ) കോൺഗ്രസും ഇന്ത്യാ സഖ്യവും ഉയർത്തുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെയും അമിത് ഷാ ചോദ്യം ചെയ്തു. ഇവിഎമ്മുകളിലാണ് പ്രശ്നമെങ്കിൽ തെലങ്കാനയിലും കേരളത്തിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് എങ്ങനെ വിജയിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണത്തിൽ അഴിമതി ആരോപണങ്ങളില്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അവകാശപ്പെട്ട അദ്ദേഹം, തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ആറ് ഉറപ്പുകൾ പാലിക്കുന്നില്ലെന്നും ആരോപിച്ചു.

തെലങ്കാനയിൽ അടുത്തതായി ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബേഗംപേട്ട് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാമചന്ദ്ര റാവു തുടങ്ങിയവർ സ്വീകരിച്ചു. തുടർന്ന് ചാർമിനാറിന് സമീപത്തെ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം പദയാത്രയിലും പൊതുയോഗത്തിലും പങ്കെടുത്തത്.

മറുപടി രേഖപ്പെടുത്തുക