കേരളത്തിലെ യുവാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യുഡിഎഫ് സർക്കാർ വിമുഖത കാട്ടുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനം പ്രതിഷേധാർഹമാണെന്നും അവർ കുറ്റപ്പെടുത്തി. സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിന്താ ജെറോം.
സമരത്തിൽ പങ്കെടുക്കുന്ന വളർമതിയുടെ ആരോഗ്യനില ആശങ്കാജനകമാണെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുമെന്ന വിശ്വാസത്തിലാണ് അവർ വി.ഡി. സതീശനെ പിന്തുണച്ചത്. എന്നാൽ അധികാരത്തിലെത്തിയ ശേഷം റാങ്ക് ഹോൾഡേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ചിന്താ ജെറോമിന്റെ വിമർശനം.
ജനാധിപത്യപരമായ സമരത്തെ അടിച്ചമർത്തുകയും സമരക്കാരെ വേട്ടയാടുകയുമാണ് സർക്കാരെന്നും വോട്ടിനായി ഉറപ്പുകൾ നൽകുകയും പിന്നീട് അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് യുഡിഎഫിന്റേതെന്നും അവർ ആരോപിച്ചു. പ്രിയദർശിനി ബസ് പദ്ധതിയിലും ആശാ വർക്കർമാരുടെ വിഷയത്തിലും യുഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ പൊള്ളയായിരുന്നുവെന്നും ചിന്താ ജെറോം കൂട്ടിച്ചേർത്തു.
എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് ഡിവൈഎഫ്ഐ പൂർണ പിന്തുണ നൽകുന്നതായും അവർ വ്യക്തമാക്കി. സമരപ്പന്തൽ ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയത് ഡിവൈഎഫ്ഐയാണെന്നും ചിന്താ ജെറോം പറഞ്ഞു.
