ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുരസു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 115 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘങ്ങളും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലുമായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തുടർന്ന് ആന്ധ്രപ്രദേശ് തീരത്ത് കരതൊടുമെന്നാണ് പ്രവചനം.
കേരളത്തിൽ ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. നവംബർ അഞ്ച് വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല. എന്നാൽ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം തുടരുന്നതിനാൽ ഇവിടെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
