ചിറയിൻകീഴ് സംഘർഷം: അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി; ഇരുവിഭാഗങ്ങളെയും കേൾക്കും

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കാണ് അന്വേഷണ ചുമതല. തിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്നതും രമണി പി. നായരായിരുന്നു. നാളെ തന്നെ യോഗം ചേർന്ന് അന്വേഷണം ആരംഭിക്കാനാണ് കെപിസിസി നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ഇരു വിഭാഗങ്ങളെയും കേൾക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസ് എംഎൽഎ നൽകിയ പരാതിയിൽ എസ്‌സി, എസ്ടി നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരടക്കം ഏഴ് പേർക്കെതിരെയാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തത്.

സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. പാർട്ടിക്കുള്ളിലെ തർക്കം പരസ്യ സംഘർഷത്തിലേക്ക് നീങ്ങിയതിൽ നേതൃത്വം ഗൗരവമായാണ് ഇടപെടുന്നത്.

തനിക്കെതിരെ മോശം പരാമർശങ്ങൾ നിരന്തരം ഉണ്ടായതിനെ തുടർന്നാണ് താൻ ചോദ്യം ചെയ്തതെന്നും സജിത്തിനെതിരായ തന്റെ പ്രതികരണം സ്വാഭാവികമായിരുന്നെന്നും രമ്യ ഹരിദാസ് എംഎൽഎ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ രമ്യയുടേത് അഭിനയമാണെന്നായിരുന്നു സജിത്തിന്റെ മറുപടി. പി.എ ചമഞ്ഞ് നടക്കുന്ന പാളയം പ്രദീപാണ് എല്ലാ പ്രശ്‌നങ്ങൾക്കും തുടക്കമിട്ടതെന്നും സജിത്ത് ആരോപിച്ചു.

തർക്കത്തിനിടെ ആദ്യം അടിച്ചത് താൻ തന്നെയാണെന്ന് രമ്യ ഹരിദാസ് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനാണ് കെപിസിസിയുടെ നീക്കം.

മറുപടി രേഖപ്പെടുത്തുക