മണ്ഡല പുനർനിർണയം നടത്തുന്നത് ദുരുദ്ദേശപരം; കേരളത്തിൽ ഇടതുപക്ഷം ഉള്ളത് കൊണ്ട് തൊഴിലാളികൾ കഷ്‌ടപ്പെടുന്നില്ല: ടിപി രാമകൃഷ്ണൻ

കേന്ദ്രസർക്കാർ വനിതാ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണയം നടപ്പാക്കാനുള്ള ശ്രമം നടത്തുന്നത് ദുരുദ്ദേശപരമാണെന്ന് സിപിഐഎം നേതാവ് ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. ഇത്തരത്തിലുള്ള നീക്കങ്ങൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ വനിതാ ബില്ലിനോട് സിപിഐഎമ്മിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടത്തിയ പ്രതികരണത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ.

അതേസമയം, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ ബി.എം.എസ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഐ.എൻ.ടി.യു.സി ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ തൊഴിലാളി സമരങ്ങളെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും തൊഴിലാളികൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ ഇടതുപക്ഷ സർക്കാർ ഉള്ളതിനാൽ തൊഴിലാളികൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനൗൺസ്മെന്റ് വിവാദത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും, തന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ജില്ലാ കളക്ടർ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക