സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഉയർന്ന വില നൽകേണ്ടിവരുന്നതാണ് പ്രധാന വെല്ലുവിളിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും ചീഫ് സെക്രട്ടറിയുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അസാധാരണമായി വൈദ്യുതി ഉപയോഗം വർധിച്ചതും ഹിമാചലിൽ നിന്നുള്ള വൈദ്യുതി ലഭ്യത സംബന്ധിച്ച കരാറിലെ അനിശ്ചിതത്വവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് 738 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് നിലവിലുള്ളത്. ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ നവംബർ മുതൽ ലോഡ്ഷെഡിംഗും നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടിവരുമെന്നാണ് സൂചന. ദേശീയതലത്തിലും വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
