നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സാംസ്കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം തുടരുമെന്നും മമ്മൂട്ടിയുമായി നല്ല ബന്ധം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് പുറമെ യുവജന-വിദ്യാർത്ഥി സംഘടനകളും മമ്മൂട്ടിയെ സന്ദർശിക്കുമെന്നും അറിയിച്ചു.
അതേസമയം, കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലുണ്ടായ അക്രമത്തിന് പിന്നിൽ യൂത്ത് ലീഗ്, എംഎസ്എഫ്, കെഎസ്യു സംഘടനകളാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. എസ്എഫ്ഐ ഭൂരിപക്ഷം സീറ്റുകൾ നേടിയതിലുള്ള പ്രകോപനമാണ് അക്രമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പങ്കെടുത്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പോലീസും സർക്കാരും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
