ഡച്ച് ഊർജ സംഭരണ കമ്പനിയെ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്; ഇടപാട് മൂല്യം 3.4 ബില്യൺ ഡോളർ

ഡച്ച് ഊർജ സംഭരണ കമ്പനിയായ വിറ്റിഐ (VTTI)യെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചവരിൽ ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ അദാനിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. ആഗോളതലത്തിൽ ഊർജ, നിർമാണ മേഖലകളിലെ നിക്ഷേപങ്ങളും വിദേശ ഏറ്റെടുക്കലുകളും ഇന്ത്യൻ കമ്പനികൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കമെന്നാണ് ബ്ലൂംബെർഗിന്റെ റിപ്പോർട്ട്.

നെതർലൻഡ്സിലെ റോട്ടർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിറ്റിഐയുടെ മൂല്യം ഏകദേശം 3.4 ബില്യൺ ഡോളറായിരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എണ്ണ ഉൾപ്പെടെയുള്ള ഊർജ ഉൽപ്പന്നങ്ങൾ സംഭരിക്കാനും വിതരണം ചെയ്യാനും സഹായിക്കുന്ന കമ്പനിയുടെ വിപുലമായ ടെർമിനൽ ശൃംഖല വിതരണ തടസ്സങ്ങളും ആഗോള വിപണിയിലെ വിലയിലെ ചാഞ്ചാട്ടങ്ങളും നേരിടുന്നതിൽ നിർണായകമാണ്.

ശതകോടീശ്വരൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന് തുറമുഖങ്ങൾ, വൈദ്യുതി ഉൽപ്പാദനം, വിമാനത്താവളങ്ങൾ, ഡാറ്റാ സെന്ററുകൾ, ഖനനം തുടങ്ങി വിവിധ മേഖലകളിൽ നിക്ഷേപങ്ങളുണ്ട്. ഓസ്‌ട്രേലിയൻ അടിസ്ഥാനസൗകര്യ നിക്ഷേപ സ്ഥാപനമായ ഐഎഫ്എം ഇൻവെസ്റ്റേഴ്‌സിനും ഊർജ-ചരക്ക് വ്യാപാര കമ്പനിയായ വിറ്റോൾ എസ്എയ്ക്കും വിറ്റിഐയിൽ 45 ശതമാനം വീതം ഓഹരിയുണ്ട്. അബുദാബി നാഷണൽ ഓയിൽ കമ്പനിയായ (ADNOC) ആണ് ശേഷിക്കുന്ന 10 ശതമാനം ഓഹരിയുടെ ഉടമ.

വിറ്റിഐയിലെ തങ്ങളുടെ മുഴുവൻ ഓഹരിയും വിറ്റൊഴിയാൻ ADNOC തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അസംസ്‌കൃത എണ്ണ, ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി), ജൈവ ഇന്ധനങ്ങൾ എന്നിവ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ടെർമിനലുകളാണ് വിറ്റിഐയുടെ പ്രധാന ആസ്തികൾ. ട്രക്കുകൾ, കപ്പലുകൾ, പൈപ്പ്‌ലൈനുകൾ തുടങ്ങിയ ഗതാഗത സംവിധാനങ്ങളുമായും കമ്പനിയുടെ സൗകര്യങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു. എന്നാൽ, ഇടപാടിനെക്കുറിച്ച് ബന്ധപ്പെട്ട കമ്പനികളൊന്നും പരസ്യമായി പ്രതികരിച്ചിട്ടില്ല.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 105.7 ബില്യൺ ഡോളർ ആസ്തിയുള്ള ഗൗതം അദാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. വിദേശ ഏറ്റെടുക്കലുകൾ ലക്ഷ്യമിടുന്ന ഇന്ത്യൻ കമ്പനികളിൽ മുൻനിരയിലാണ് അദാനി ഗ്രൂപ്പ്. ബ്രിട്ടനിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അസോസിയേറ്റഡ് ബ്രിട്ടീഷ് പോർട്ട്‌സിൽ (AB Ports) ഓഹരി സ്വന്തമാക്കുന്നതും ഗ്രൂപ്പ് പരിഗണിച്ചിരുന്നു. എന്നാൽ, 13.4 ബില്യൺ ഡോളർ മൂല്യം കണക്കാക്കിയ ആ ഇടപാടിൽ ഒടുവിൽ ഐഎഫ്എം വിജയിക്കുകയായിരുന്നു.

അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് ജൂലൈയിൽ സ്ഥാപന നിക്ഷേപകരിൽനിന്ന് 1.6 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. മൂലധനച്ചെലവുകൾക്കും കടം തിരിച്ചടയ്ക്കുന്നതിനുമാണ് ഈ തുക ലക്ഷ്യമിട്ടത്. ഇന്ത്യൻ കമ്പനികൾ വിദേശ വിപണികളിൽ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പും റിലയൻസ് ഇൻഡസ്ട്രീസും ഉൾപ്പെടെയുള്ള കമ്പനികളും അന്താരാഷ്ട്ര നിക്ഷേപ-ഏറ്റെടുക്കൽ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ഇറ്റാലിയൻ ട്രക്ക് നിർമാതാക്കളായ ഇവെകോ ഗ്രൂപ്പിനെ ഏറ്റെടുക്കാനുള്ള ടാറ്റ മോട്ടോഴ്‌സിന്റെ നീക്കത്തിൽ 80 ശതമാനം ഓഹരി എന്ന നിർണായക പരിധി കടന്നുള്ള താൽക്കാലിക സമ്മതം ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അമേരിക്കയിൽ 50 വർഷത്തിനിടെ നിർമിക്കുന്ന ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണശാലയ്ക്കായി റിലയൻസ് ഇൻഡസ്ട്രീസ് നിക്ഷേപം നടത്തുകയാണ്. ടെക്സസിലെ ബ്രൗൺസ്‌വില്ലിൽ 300 ബില്യൺ ഡോളർ ചെലവിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഈ പദ്ധതി അമേരിക്ക ഫസ്റ്റ് റിഫൈനിങ് ആണ് വികസിപ്പിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക