തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം കൂടുതൽ ശ്രദ്ധേയമാക്കാൻ പരിപാടിയുടെ പേരും രൂപവും മാറ്റി ഇന്ത്യാ മുന്നണി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്താനിരുന്ന ‘മോക്ക് പാർലമെന്റ്’ പ്രതിഷേധം ഇനി ‘ജൻ മഹാഭിയോഗ്’ അഥവാ ‘ജനകീയ കുറ്റവിചാരണ’ എന്ന പേരിലാകും സംഘടിപ്പിക്കുക. പാർലമെന്റിനെ പരിഹസിക്കുന്ന തരത്തിലുള്ള നടപടികൾ ഒഴിവാക്കാനാണ് പരിപാടിയുടെ രൂപത്തിൽ മാറ്റം വരുത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പരിപാടി നടക്കുക.
സർക്കാർ പക്ഷവും പ്രതിപക്ഷവും മുഖാമുഖം നിന്ന് പ്രസീഡിങ് ഓഫീസറുടെ സാന്നിധ്യത്തിൽ സംവാദം നടത്തുന്ന പാർലമെന്ററി മാതൃകയിലായിരുന്നു ആദ്യഘട്ടത്തിൽ പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗത്തിൽ ഇത് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിനാണ് ജനകീയ കുറ്റവിചാരണയുടെ നടപടികൾ നിയന്ത്രിക്കാനുള്ള ചുമതല. സമാജ്വാദി പാർട്ടിയിൽനിന്നുള്ള ഒരു എം.പി അവരെ സഹായിക്കും. മീരാ കുമാറിനു പുറമെ പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, ഡെറിക് ഒബ്രിയാൻ, മഹുവാ മാജി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് മൂന്നിന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 7.30 വരെ നീളും. മല്ലികാർജുൻ ഖാർഗെ വാദങ്ങൾ അവതരിപ്പിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമിടും. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉപസംഹാര പ്രസംഗം നടത്തും. 19 രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള നേതാക്കൾക്ക് സംസാരിക്കാൻ അവസരമുണ്ടാകും. ഓരോ നേതാവിനും അഞ്ച് മിനിറ്റ് വീതം അനുവദിക്കുമ്പോൾ സമാജ്വാദി പാർട്ടിക്കും തൃണമൂൽ കോൺഗ്രസിനും പത്ത് മിനിറ്റ് വീതം ലഭിക്കും.
വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്കും സിവിൽ സമൂഹത്തിലെ മൂന്ന് പ്രതിനിധികൾക്കും പരിപാടിയിൽ സംസാരിക്കാനാകും. ഏകദേശം 30 പേർ പങ്കെടുക്കുമെന്നാണ് വിവരം. ദേശീയഗാനത്തോടെയാകും പരിപാടി സമാപിക്കുക. കോൺഗ്രസിന്റെയും മറ്റ് ഇന്ത്യാ മുന്നണി കക്ഷികളുടെയും യൂട്യൂബ് ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.
തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണമാണ് പ്രതിഷേധത്തിലെ പ്രധാന വിഷയം. ഈ നടപടികൾ 13.5 കോടി വോട്ടർമാരെ ബാധിച്ചെന്നാണ് പറയപ്പെടുന്നതെങ്കിലും, ബാധിക്കപ്പെട്ടവരുടെ എണ്ണം 16.5 കോടിയാണെന്നാണ് കോൺഗ്രസിന്റെ വാദം. വോട്ടർ പട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കിയെന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത സംബന്ധിച്ച ആശങ്കകളും ഉയർത്തിക്കാട്ടി പൊതുചർച്ച ശക്തമാക്കുകയാണ് ഇന്ത്യാ മുന്നണിയുടെ ലക്ഷ്യം.
