നടൻ അന്നൂ കപൂർ തന്റെ ശരീരത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ആദ്യമായി പ്രതികരിച്ച് നടി തമന്ന ഭാട്ടിയ. ഇത്തരം പ്രതികൂല പരാമർശങ്ങൾക്ക് പ്രാധാന്യം നൽകാറില്ലെന്നും തന്റെ ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തമന്ന വ്യക്തമാക്കി. ഒരു വർഷം മുമ്പ് നടന്ന വിവാദത്തിലാണ് താരം ഇപ്പോൾ നിലപാട് വ്യക്തമാക്കിയത്.
എൻഡിടിവി പ്രോഫിറ്റ് ഇഗ്നൈറ്റ് 2026 പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് തമന്നയോട് വിഷയത്തെക്കുറിച്ച് ചോദിച്ചത്. ഒരു കലാകാരിയെന്ന നിലയിൽ പല കാര്യങ്ങളും കേൾക്കേണ്ടിവരുമെന്നും എന്നാൽ അവയിൽ എന്ത് സ്വീകരിക്കണമെന്നും എന്ത് അവഗണിക്കണമെന്നും തിരിച്ചറിയണമെന്നും തമന്ന പറഞ്ഞു. ഇത്തരം കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകിയാൽ ജീവിതത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ അഭിനയത്തിനും കരിയറിനുമാണ് പ്രഥമ പരിഗണനയെന്നും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും തമന്ന വ്യക്തമാക്കി. അഭിനയത്തെ വെറുമൊരു കരിയറായല്ല, സേവനമായാണ് കാണുന്നതെന്നും അതുകൊണ്ടുതന്നെ തന്റെ ജോലി പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
എന്താണ് വിവാദം?
2025ൽ പുറത്തിറങ്ങിയ സ്ത്രീ 2 എന്ന ചിത്രത്തിലെ ‘ആജ് കി രാത്’ ഗാനത്തിൽ തമന്നയുടെ പ്രകടനത്തെക്കുറിച്ച് സംസാരിക്കവെയാണ് അന്നൂ കപൂർ വിവാദ പരാമർശം നടത്തിയത്. തമന്നയുടെ ശരീരത്തെ ‘പാലുപോലെയുള്ളത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അത് കുട്ടികൾക്ക് സുഖമായി ഉറങ്ങാൻ സഹായിക്കുമെന്നും രാജ്യത്തിന് ലഭിച്ച അനുഗ്രഹമാണെന്നും പറഞ്ഞിരുന്നു.
അഭിനയത്തെക്കാൾ നടിയുടെ ശരീരത്തെക്കുറിച്ച് പരാമർശിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നു. ഈ വർഷം ജൂലൈയിൽ അന്നൂ കപൂർ തന്റെ പരാമർശത്തെ ന്യായീകരിക്കുകയും തന്റെ വാക്കുകൾ തമന്നയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
