ഭാവിയിൽ പണത്തിന്റെ പ്രാധാന്യം കുറയുമെന്നും സമ്പാദ്യത്തിന് ഇന്നുള്ള പ്രസക്തി നഷ്ടപ്പെട്ടേക്കാമെന്നും ടെസ്ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. കൃത്രിമബുദ്ധിയും (എഐ) റോബോട്ടുകളും ആഗോള സമ്പദ്വ്യവസ്ഥയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും ഉൽപ്പന്നങ്ങളും സേവനങ്ങളും സമൃദ്ധമായി ലഭ്യമാകുന്ന സാഹചര്യം രൂപപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചു. എക്സ് പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവിന്റെ അഭിപ്രായത്തോട് പ്രതികരിക്കവെയാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
സൂപ്പർ ഇന്റലിജന്റ് എഐ വികസിക്കുന്ന സാഹചര്യത്തിൽ ഭാവിയിലേക്ക് പണം ലാഭിച്ചുവെക്കുന്നതിന് വലിയ പ്രസക്തിയുണ്ടാകില്ലെന്നാണ് മസ്കിന്റെ നിരീക്ഷണം. ഭക്ഷണം, പാർപ്പിടം, ഗതാഗതം, മരുന്ന്, വിനോദം തുടങ്ങിയ മേഖലകളിൽ എഐ സംവിധാനങ്ങൾക്കും ഹ്യൂമനോയിഡ് റോബോട്ടുകൾക്കും വൻതോതിൽ ഉൽപ്പാദനം നടത്താൻ കഴിയുന്നതോടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ചെലവ് ഗണ്യമായി കുറയാമെന്നും അദ്ദേഹം കരുതുന്നു. ഉൽപ്പാദനം മനുഷ്യരുടെ ആവശ്യങ്ങളെ മറികടക്കുന്ന സാഹചര്യമുണ്ടായാൽ പണത്തിന്റെ പ്രാധാന്യവും കുറയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
എഐയുടെ വളർച്ചയെക്കുറിച്ച് മസ്ക് നേരത്തെയും സമാനമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. എഐയും റോബോട്ടുകളും മനുഷ്യർക്ക് ഉപയോഗിക്കാനാകുന്നതിലും അധികം സാധനങ്ങളും സേവനങ്ങളും ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയാൽ ഭാവിയിൽ പണത്തിന്റെ പ്രസക്തി കുറയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. എഐയുടെ വളർച്ച തുടർന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അത് മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ബുദ്ധിശേഷിയെ മറികടക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
റോബോട്ടുകൾക്കും എഐ സംവിധാനങ്ങൾക്കും മനുഷ്യരേക്കാൾ വേഗത്തിലും കുറഞ്ഞ ചെലവിലും നിരവധി ജോലികൾ ചെയ്യാൻ കഴിയുന്നതോടെ തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് മസ്ക് വിലയിരുത്തുന്നു. ഉപജീവനത്തിനായി നിർബന്ധമായും ജോലി ചെയ്യേണ്ട സാഹചര്യം ഭാവിയിൽ ഇല്ലാതാകാമെന്നും താൽപര്യമുള്ളവർക്ക് മാത്രം ജോലി ചെയ്യുന്ന രീതിയിലേക്ക് സമൂഹം മാറാമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ജനങ്ങൾക്ക് നേരിട്ട് വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാരുകൾ നടപ്പാക്കേണ്ടിവരുമെന്ന നിർദേശവും മസ്ക് മുന്നോട്ടുവച്ചിട്ടുണ്ട്.
എന്നാൽ, എഐ സൃഷ്ടിക്കുന്ന സമ്പത്ത് എല്ലാവരിലേക്കും ഒരുപോലെ എത്തുമോ, ജോലി നഷ്ടപ്പെടുന്നവർക്ക് എങ്ങനെ വരുമാനം ഉറപ്പാക്കും, ഇത്തരം സംവിധാനങ്ങൾ പ്രായോഗികമായി എങ്ങനെ നടപ്പാക്കും തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങളായിട്ടില്ല. സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ എല്ലാവർക്കും തുല്യമായി ലഭിക്കുമെന്ന് ഉറപ്പുമില്ല.
അതുകൊണ്ടുതന്നെ മസ്കിന്റെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ സമ്പാദ്യം നിർത്തുന്നത് ഉചിതമല്ലെന്നാണ് സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട പൊതുവായ നിർദേശം. അടിയന്തര ആവശ്യങ്ങൾ, കുടുംബച്ചെലവുകൾ, ആരോഗ്യസംരക്ഷണം, പാർപ്പിടം, വിരമിക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾക്കായി സാമ്പത്തിക ആസൂത്രണം തുടരേണ്ടത് പ്രധാനമാണ്. എഐ ലോകത്തെ എത്രത്തോളം മാറ്റുമെന്നത് ഭാവിയിൽ വ്യക്തമാകേണ്ട കാര്യമാണ്.
