കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധം: എം.എ. ബേബി

സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ ശക്തമായി വിമർശിച്ച് സിപിഐഎം കേന്ദ്രനേതൃത്വം രംഗത്ത്. ആർഎസ്എസും സമാന നിലപാടുകളാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്നും കാന്തപുരത്തിന്റെ പ്രസ്താവന ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീ-പുരുഷ സമത്വത്തിന് വിരുദ്ധമാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വം മൗനം തുടരുന്നതിനിടെയാണ് കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണം.

മതങ്ങൾ അടിസ്ഥാനപരമായി മനുഷ്യസ്നേഹവും സാഹോദര്യവും നന്മയും ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോടെയാണ് രൂപംകൊണ്ടതെന്ന് എം.എ. ബേബി പറഞ്ഞു. എന്നാൽ പിന്നീട് വിവിധ മതങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെ സ്ത്രീകളുടെ തുല്യതയെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന ആശയങ്ങൾ പലപ്പോഴും ഉൾക്കൊള്ളപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ പരാമർശവും അത്തരമൊരു സമീപനത്തിന്റെ ഭാഗമായാണ് പുറത്തുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആർഎസ്എസും സമാനമായ നിലപാടുകളാണ് മുൻപ് സ്വീകരിച്ചിട്ടുള്ളതെന്ന് എം.എ. ബേബി പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ആശയങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായും ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചർച്ചയായപ്പോൾ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് നടത്തിയ പ്രസ്താവനകളെ ഓർമ്മിപ്പിച്ച അദ്ദേഹം, സ്ത്രീകൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയണമെന്ന തരത്തിലുള്ള സമീപനവും കാന്തപുരത്തിന്റെ പ്രസ്താവനയും തമ്മിൽ സാമ്യമുണ്ടെന്നും പറഞ്ഞു.

സ്ത്രീ-പുരുഷ സമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യമാണെന്നും ഏതൊരു മതവ്യാഖ്യാനവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാകാൻ പാടില്ലെന്നും എം.എ. ബേബി വ്യക്തമാക്കി. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവർ ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക