സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നത് തുടക്കം മുതൽ താൻ ഉന്നയിച്ച ആവശ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിക്കുകയും ഡിവിഷൻ ബെഞ്ച് ആ ഉത്തരവ് ശരിവെക്കുകയും ചെയ്തതായും കുഴൽനാടൻ വ്യക്തമാക്കി.
കേസിൽ നിയമപോരാട്ടം നടത്തിയപ്പോൾ ഒരു ഘട്ടത്തിൽ തനിക്കെതിരായ വിധി ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരുന്നുവെന്നും അന്ന് തന്നെ പരിഹസിച്ച സിപിഐഎം നേതാക്കളുടെയും പ്രവർത്തകരുടെയും ഇപ്പോഴത്തെ നിലപാട് എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരികയും അന്വേഷണം നേരിടുകയും വേണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്നും കൈകൾ ശുദ്ധമാണെന്നും നിയമസഭയിൽ ഉൾപ്പെടെ പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി അന്വേഷണം നേരിടാൻ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. മകൾ വീണ ടി.ക്കെതിരെ അന്വേഷണം വരുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വെപ്രാളമാണ് ഇപ്പോൾ കാണുന്നതെന്നും കുഴൽനാടൻ ആരോപിച്ചു.
കേസിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ കേസ് കോടതി തള്ളിയപ്പോൾ നിയമസഭയിൽ ഉൾപ്പെടെ പിണറായി വിജയൻ തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രായത്തെയും പൊതുജീവിതത്തെയും ബഹുമാനിക്കുന്നതിനാൽ ഇപ്പോൾ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാൻ താനില്ലെന്നും കുഴൽനാടൻ പറഞ്ഞു.
പിണറായി വിജയന് അപ്പീൽ നൽകാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, നിലവിലെ കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ, വീണ ടി., മുഹമ്മദ് റിയാസ് എന്നിവർ അന്വേഷണം നേരിടേണ്ട സാഹചര്യമാണുള്ളതെന്നും അഭിപ്രായപ്പെട്ടു. സർക്കാർ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയിൽ സർക്കാർ നിയമോപദേശകർ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടാകാമെന്നും അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കുഴൽനാടൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം മുന്നോട്ടുപോകാനാണ് സർക്കാരിന് നിയമോപദേശം ലഭിച്ചതെങ്കിലും ഹൈക്കോടതിയുടെ വ്യക്തമായ ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടർനടപടികളിൽ മാറ്റമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം ഇനി മുന്നോട്ടുപോകാനിരിക്കുന്നതേയുള്ളൂവെന്നും കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ കുഴൽനാടൻ, സർക്കാർ ന്യായമായ നിലപാടല്ല, നിയമപരമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും വ്യക്തമാക്കി.
