ഷാഫി പറമ്പിൽ മികച്ച പൊട്ടൻഷ്യലുള്ള നേതാവാണെന്നും അദ്ദേഹത്തിന് രാഷ്ട്രീയമായി മുന്നേറാൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി ടി. സിദ്ദിഖ്. കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ഷാഫി പറമ്പിൽ ഉയർന്ന തലത്തിൽ നിൽക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഒരുമിച്ചുനിർത്തിയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നതെന്നും പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളൊന്നുമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം, സിപിഎമ്മിൽ ഇ.പി–പി.ജെ തർക്കം ഉൾപ്പെടെ നിരവധി ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, വയനാട് രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിക്കാനൊരുങ്ങുകയാണെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ആദ്യത്തെ ഇ-മാലിന്യമുക്ത ജില്ലയായി വയനാടിനെ മുഖ്യമന്ത്രി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജില്ലയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ വയനാടിനെ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. ഇതിനായി പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) തയ്യാറാക്കേണ്ടതുണ്ട്. ദീർഘകാല പദ്ധതിയായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്ലാറ്റ്ഫോമും റോഡ് മാപ്പും ഉടൻ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഷാഫി പറമ്പിലിന് പിന്തുണയുമായി കാഞ്ഞങ്ങാട്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്താണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ‘കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ’ എന്ന വാചകമാണ് ഫ്ലക്സിലുള്ളത്.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലും സമാനമായ രീതിയിൽ ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഷാഫിക്കെതിരായ വിമർശനങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമിടയിൽ വിവിധയിടങ്ങളിൽ പിന്തുണയുമായി ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധേയമാവുകയാണ്.
