അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 എന്ന ചെറുവിമാനത്തിലായിരുന്നു. ഇന്ന് തകർന്നുവീണ ലിയർജെറ്റ് 45, ബോംബാർഡിയർ എയ്റോസ്പേസ് നിർമ്മിച്ച ലോകപ്രശസ്തമായ ഒരു ബിസിനസ് ജെറ്റാണ്. 1995-ൽ ആദ്യമായി പരീക്ഷണ പറക്കൽ നടത്തിയ ഈ വിമാനം 1998 മുതലാണ് വിപണിയിലെത്തിയത്. 2012-ൽ ഉത്പാദനം നിർത്തി, പകരമായി കൂടുതൽ ആധുനികമായ ലിയർജെറ്റ് 75 പുറത്തിറക്കുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ലിയർജെറ്റ് 45 വിമാനങ്ങൾക്ക് ഏകദേശം 15 മുതൽ 25 കോടി രൂപ വരെ വിലയുണ്ട്. ഇന്ത്യയിൽ ഈ വിമാനം വാടകയ്ക്ക് എടുക്കാൻ മണിക്കൂറിന് 3.5 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
വേഗതയേറിയ യാത്ര ആഗ്രഹിക്കുന്ന ബിസിനസുകാരും പ്രമുഖരുമാണ് ലിയർജെറ്റ് 45 കൂടുതലായി ഉപയോഗിക്കുന്നത്. മണിക്കൂറിൽ ഏകദേശം 860 കിലോമീറ്റർ വരെ പരമാവധി വേഗത കൈവരിക്കാനാകുന്ന ഈ വിമാനത്തിന് 3,650 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാൻ കഴിയും. 51,000 അടി ഉയരം വരെ പറക്കാൻ ശേഷിയുള്ള ലിയർജെറ്റ് 45-ൽ ഒൻപത് യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാം. പരസ്പരം അഭിമുഖമായി ഇരിക്കാവുന്ന രീതിയിലാണ് സീറ്റുകളുടെ ക്രമീകരണം.
