കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പോസ്റ്റർ പ്രചാരണം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ വി.ഡി. സതീശനെ “നിയുക്ത മുഖ്യമന്ത്രി”യായി അഭിവാദ്യം ചെയ്ത് വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ ഉയർന്നിരിക്കുകയാണ്.
കണ്ണൂരിലെ പഴയങ്ങാടി ബീവി റോഡിൽ “മാടായി കൂട്ടായ്മ” എന്ന പേരിൽ വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച പോസ്റ്റർ സ്ഥാപിച്ചു. ഇതോടെ വിഷയത്തിൽ പാർട്ടിക്കുള്ളിലും പുറത്തും ചർച്ചകൾ ശക്തമായി.
അതേസമയം, മലപ്പുറം കാലടിയിലും സമാനമായ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു . യൂത്ത് ലീഗ് പ്രവർത്തകരാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ച് ബോർഡ് വെച്ചത്. അനസ് പാറപ്പുറം എന്ന പ്രവർത്തകൻ ഫേസ്ബുക്കിൽ ഇതിന്റെ ചിത്രം പങ്കുവെച്ചതോടെ സംഭവം കൂടുതൽ ശ്രദ്ധ നേടി. “പാറപ്പുറം കൂട്ടായ്മ” എന്ന പേരിലാണ് കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് ഫ്ലക്സ് സ്ഥാപിച്ചത്.
സംഘടനാകാര്യ ജനറൽ സെക്രട്ടറിയുടെ പ്രവർത്തനപരിധിയെക്കുറിച്ചുള്ള വിമർശനങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. സൈബർ ലോകത്തും ഈ വിഷയത്തെ ചുറ്റിപ്പറ്റി വാദപ്രതിവാദങ്ങൾ ശക്തമാകുകയാണ്.
