തമിഴ്നാട്ടിൽ രാഷ്ട്രീയ രംഗത്ത് ശക്തമായി ഉയർന്നു വരുന്ന തമിഴക വെട്രി കഴകം കേരളത്തിലും പ്രവർത്തനം ആരംഭിക്കുന്നു. വയനാട് ജില്ലയിലാണ് പാർട്ടിയുടെ ആദ്യ കേരള യൂണിറ്റ് രൂപീകരണത്തിനുള്ള നടപടികൾ തുടങ്ങിയത്. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന വെങ്ങപ്പള്ളിയിലാണ് ആദ്യ ഘടകം രൂപീകരിക്കാൻ നീക്കം നടക്കുന്നത്.
“മൈ ടിവികെ” ആപ്പ് വഴി വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കൾ രജിസ്ട്രേഷനായി അപേക്ഷ സമർപ്പിച്ചതായി അറിയുന്നു. സഫ്വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഏകദേശം 20 അംഗ യുവ സംഘമാണ് പാർട്ടി ഘടകത്തിന് തുടക്കം കുറിക്കുന്നത്. ടിവികെയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ആഘോഷിച്ച് വെങ്ങപ്പള്ളി ടൗണിൽ വലിയ ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്.
ഐടി മേഖലയിലും വാണിജ്യ വിദ്യാഭ്യാസ പശ്ചാത്തലത്തിലുമുള്ള യുവാക്കളാണ് ഈ കൂട്ടായ്മയിൽ കൂടുതലായും ഉള്ളത്.
ആപ്പിൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് ശേഷം ഔദ്യോഗിക യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും ടിവികെ യൂണിറ്റുകളുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതായി സംഘാടകർ പറയുന്നു. വരും ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പ്രവർത്തനം വ്യാപിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നു.
