ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ‘ദൃശ്യം 3’; ആദ്യദിനം 43 കോടി കളക്ഷൻ

ദൃശ്യം 3 റിലീസ് ചെയ്ത ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ വൻ നേട്ടവുമായി മുന്നേറുന്നു.ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രം ആഗോളതലത്തിൽ 43 കോടി രൂപയുടെ കളക്ഷൻ നേടി.

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ്. ‘ദൃശ്യം’, ‘ദൃശ്യം 2’ എന്നീ ഭാഗങ്ങളുടെ വലിയ വിജയത്തിന് ശേഷമെത്തിയ മൂന്നാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 15.85 കോടി രൂപയാണ് ചിത്രം നേടിയത്. മലയാള പതിപ്പിന് 13.70 കോടിയും തെലുങ്ക് പതിപ്പിന് 1.50 കോടിയും ലഭിച്ചു. കേരളത്തിലും പുറത്തുമുള്ള വൈകുന്നേര-രാത്രി ഷോകളിൽ മികച്ച തിരക്കാണ് അനുഭവപ്പെട്ടത്.

അന്താരാഷ്ട്ര വിപണിയിൽ ചിത്രം 25 കോടിയോളം നേടിയതായും റിപ്പോർട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ എന്ന ചിത്രത്തിന്റെ ആകെ കളക്ഷനെയും ‘ദൃശ്യം 3’ ഒരു ദിവസത്തെ വരുമാനത്തിലൂടെ മറികടന്നുവെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ചിത്രം 100 കോടി ക്ലബ്ബിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മറുപടി രേഖപ്പെടുത്തുക