പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ; അമിത് ഷായെ നാളെ കാണും

കേരളാ മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിലായിരുന്നു നടന്നത്.

സംസ്ഥാന മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശൻ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ പദ്ധതികൾ എന്നിവയ്ക്കുള്ള കേന്ദ്ര സഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായാണ് വിവരം.

ഇതിനിടെ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും കേന്ദ്രസഹായവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകുമെന്നാണ് സൂചന.

നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും. തുടർന്ന് മുഖ്യമന്ത്രിയുടെ കേരളത്തിലേക്കുള്ള മടക്കയാത്ര ഉണ്ടാകും.

മറുപടി രേഖപ്പെടുത്തുക