അതിതീവ്ര മഴ മുന്നറിയിപ്പ്: നാളെ കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് വടക്കൻ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ മഴ കടുക്കുന്ന പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടി.

അതേസമയം, സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്.

അവധി ബാധകമാകുന്ന മേഖലകൾ;

വയനാട് ജില്ല: പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ എന്നിവയ്ക്ക് പുറമെ മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ സ്കൂളുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ഉണ്ടായിരിക്കില്ല.

കാസർകോട് ജില്ല: പ്രൊഫഷണൽ കോളേജുകൾ, സംസ്ഥാന സിലബസ് സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ (ICSE), സി.ബി.എസ്.ഇ (CBSE) സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇവിടെയും റസിഡൻഷ്യൽ സ്കൂളുകളെ അവധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിവിധ സർവകലാശാലകളും മറ്റ് പൊതുപരീക്ഷാ ബോർഡുകളും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല. പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

മറുപടി രേഖപ്പെടുത്തുക