‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ വിജയം; ഒരുദിവസം മാത്രം യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകൾ

സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെ എസ് ആർ ടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച മാത്രം കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്തത് 13,29,938 സ്ത്രീകളാണ്. ഇതിൽ 7,83,115 പേർ സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി സീറോ ടിക്കറ്റിലാണ് യാത്ര ചെയ്തത്. പദ്ധതി രാവിലെ 10 മണിക്ക് പ്രാബല്യത്തിൽ വന്നതിനാൽ അതിന് മുമ്പ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്തവരാണ് ബാക്കിയുള്ള വനിതാ യാത്രക്കാർ.

സ്ത്രീ ശാക്തീകരണത്തിനും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനും പദ്ധതി വലിയ പിന്തുണ നൽകുന്നുവെന്നാണ് വിലയിരുത്തൽ. തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഇത് വലിയ ആശ്വാസമാകുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.

അതേസമയം, സൗജന്യ യാത്രാ പദ്ധതി ഗതാഗത വകുപ്പിന് സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം തിങ്കളാഴ്ച മാത്രം സീറോ ടിക്കറ്റുകൾ അനുവദിച്ചതിലൂടെ ഏകദേശം 1.59 കോടി രൂപയുടെ വരുമാന നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്.

വനിതാ യാത്രക്കാരുടെ വൻ പങ്കാളിത്തം പദ്ധതിയുടെ ജനപ്രീതി വ്യക്തമാക്കുന്നതായും വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണെന്നും അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക