സ്വർണവിലയിൽ വൻ ഇടിവ്; ഒരുദിവസം പവന് 1,500 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം പവന് 800 രൂപ കൂടി കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,080 രൂപയായി. രാവിലെ തന്നെ പവന് 680 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരേ ദിവസം സ്വർണവിലയിൽ ആകെ 1,500 രൂപയുടെ ഇടിവാണ് ഉണ്ടായത്.

ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,010 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റത്തിന് പിന്നാലെയാണ് സ്വർണവിപണിയിൽ വീണ്ടും വിലയിടിവ് അനുഭവപ്പെടുന്നത്.

ആഗോള സാമ്പത്തിക സാഹചര്യങ്ങളും അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകൾ സ്വർണത്തിന്റെ ആകർഷണം കുറച്ചതാണ് സമീപ ദിവസങ്ങളിലെ വിലത്തകർച്ചയ്ക്ക് പ്രധാന കാരണം.

അതേസമയം, അമേരിക്ക-ഇറാൻ സമാധാന ധാരണയ്ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞത് സ്വർണവിലയിൽ നേരത്തെ നേരിയ തിരിച്ചുവരവിന് കാരണമായിരുന്നു. എന്നാൽ ഇന്ന് വീണ്ടും വിൽപ്പന സമ്മർദ്ദം ശക്തമായതോടെ വില താഴേക്ക് നീങ്ങുകയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയായിരുന്നു വില. ഈ വർഷം ജനുവരി 29-നാണ് പവന് 1,31,160 രൂപ എന്ന റെക്കോർഡ് നിരക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.

മറുപടി രേഖപ്പെടുത്തുക