21 ദിവസത്തിലേറെയായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നിർണായക വ്യവസ്ഥകൾ മുന്നോട്ടുവച്ച് കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്ക്. വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത യുവാക്കൾക്കെതിരെ പ്രതികാരപരമായ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാർ വ്യക്തമായ ഉറപ്പ് നൽകണമെന്ന് വാങ്ചുക്ക് ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്കും സഹമന്ത്രി ജിതേന്ദ്ര സിങ്ങിനും അയച്ച കത്തിലൂടെയാണ് വാങ്ചുക്ക് തന്റെ നിലപാട് വ്യക്തമാക്കിയത്. മേദാന്ത ആശുപത്രിയിൽ എത്തി നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർഥിച്ച മന്ത്രിമാർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും വിദ്യാഭ്യാസ സംവിധാനത്തിലെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ പാർലമെന്റിൽ ആരംഭിക്കുന്നതുമടക്കമുള്ള കാര്യങ്ങളിൽ സർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായി അദ്ദേഹം കത്തിൽ വ്യക്തമാക്കി.
ജൂലൈ 20-ന് നടന്ന ‘ചലോ സൻസദ്’ മാർച്ചിനെ പരാമർശിച്ച വാങ്ചുക്ക്, പോലീസിന്റെ അതിക്രമവും അനുപാതമില്ലാത്ത ബലപ്രയോഗവും നേരിട്ടിട്ടും പ്രതിഷേധക്കാർ സമാധാനപരമായ നിലപാട് തുടർന്നുവെന്ന് പറഞ്ഞു. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുവാക്കൾ കാട്ടിയ ക്ഷമയും പ്രതിബദ്ധതയും രാജ്യം മുഴുവൻ കണ്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഏകദേശം 65 എംപിമാർ തന്നെ സന്ദർശിച്ച് നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചതായും വാങ്ചുക്ക് അറിയിച്ചു. തന്റെ ജീവിതവും പ്രവർത്തനങ്ങളും വിദ്യാഭ്യാസ മേഖലയ്ക്കായി തുടർന്നും സമർപ്പിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും പ്രക്ഷോഭം നയിച്ച യുവാക്കളുടെ സുരക്ഷ ഉറപ്പാക്കാതെ സമരം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ന്യായവും ഉത്തരവാദിത്തമുള്ളതുമായ വിദ്യാഭ്യാസ സംവിധാനത്തിനായി ശബ്ദമുയർത്തിയതാണ് യുവാക്കളുടെ ഏക ‘കുറ്റം’. അതിനാൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ കേസുകളോ പ്രതികാര നടപടികളോ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകണം. അത്തരമൊരു ഉറപ്പ് ലഭിച്ചാൽ മാത്രമേ നിരാഹാരം അവസാനിപ്പിക്കാൻ കഴിയൂ,” വാങ്ചുക്ക് പറഞ്ഞു.
അതേസമയം, ഉറപ്പ് ലഭിക്കാത്ത പക്ഷം നിരാഹാരം അനിശ്ചിതമായി തുടരേണ്ടിവരുമെന്നും പ്രക്ഷോഭം അടിച്ചമർത്താൻ അമിതമായ പോലീസ് ശക്തി ഇനി ഉപയോഗിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോക്രോച്ച് ജനതാ പാർട്ടി ഉയർത്തിയ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജന്തർ മന്തറിൽ ആരംഭിച്ച നിരാഹാര സമരത്തിനിടെ ജൂലൈ 18-ന് ഡൽഹി പോലീസ് വാങ്ചുക്കിനെ ബലമായി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോടതിയുടെ ഇടപെടലിനെ തുടർന്ന് അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ചെയ്യുകയാണ്.
