‘വിദ്യാർഥികളെ വെടിവെക്കും’ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ സൈബർ പോലീസ് കേസെടുത്തു

നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിദ്വേഷപരമായ പരാമർശം നടത്തിയ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ, വ്യക്തി അധിക്ഷേപം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ നൽകിയ പരാതിയിലാണ് നടപടി.

സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്ന് അവസരം ലഭിച്ചിരുന്നെങ്കിൽ ചെയ്യുമെന്നായിരുന്നു മോഹൻദാസ് ഒരു വീഡിയോയിൽ പറഞ്ഞത്. ജന്തർ മന്തർ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ച ശേഷം പ്രതിഷേധക്കാർ പിരിഞ്ഞില്ലെങ്കിൽ വെടിവെക്കുമെന്ന പരാമർശമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

സംഭവത്തിൽ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിലും ഉൾപ്പെടെ വിവിധ സംഘടനകൾ പരാതി നൽകിയിരുന്നു. പരാതികളിൽ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിരുന്നു.

വിവാദത്തിന് പിന്നാലെ മോഹൻദാസിന്റെ പരാമർശങ്ങളിൽ നിന്ന് ആർഎസ്എസും അകലം പാലിച്ചു. പരാമർശങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും, ടി.ജി. മോഹൻദാസ് ആർഎസ്എസിൽ നിലവിൽ യാതൊരു ചുമതലയും വഹിക്കുന്നില്ലെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ പ്രസ്താവനയിൽ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക