പരിസ്ഥിതി സൗഹൃദ ഫോർച്യൂണറുമായി ടൊയോട്ട; ബയോഎത്തനോൾ, ബയോഡീസൽ പതിപ്പുകൾ അവതരിപ്പിച്ചു

പരിസ്ഥിതി സൗഹൃദ വാഹന സാങ്കേതികവിദ്യകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി ഫോർച്യൂണറിന്റെ പുതിയ ബദൽ ഇന്ധന പതിപ്പുകൾ അവതരിപ്പിച്ച് ടൊയോട്ട. 2026 ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ഫോർച്യൂണറിന്റെ E100 ബയോഎത്തനോൾ, B50 ബയോഡീസൽ എന്നീ രണ്ട് പുതിയ വേരിയന്റുകളാണ് കമ്പനി പ്രദർശിപ്പിച്ചത്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ മോഡലുകൾ ഭാവിയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കാനാണ് ടൊയോട്ടയുടെ പദ്ധതി.

100 ശതമാനം ബയോഎത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന E100 ഫോർച്യൂണറിൽ 2.7 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 161 bhp കരുത്തും 243 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ വാഹനത്തിൽ എഞ്ചിൻ ഹെഡ്, ഫ്യുവൽ ലൈൻ, ഹോസ് പൈപ്പുകൾ എന്നിവയിൽ പ്രത്യേക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റിയർ-വീൽ ഡ്രൈവ് സംവിധാനത്തോടെയാണ് വാഹനം എത്തുന്നത്.

അതേസമയം, B50 ബയോഡീസൽ പതിപ്പിൽ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഒരുക്കിയിരിക്കുന്നത്. 201 bhp കരുത്തും 500 Nm ടോർക്കും നൽകുന്ന ഈ മോഡലിൽ ഓൾ-വീൽ ഡ്രൈവും 48-വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ധനക്ഷമത വർധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും.

ഇന്ത്യയിൽ ഇഥനോൾ അധിഷ്ഠിത ഇന്ധന നയങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന സാഹചര്യത്തിൽ, ഫ്ലെക്സ്-ഫ്യുവൽ ഫോർച്യൂണർ ഭാവിയിൽ ഇന്ത്യൻ വിപണിയിലും എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, ടൊയോട്ടയുടെ ജനപ്രിയ പിക്കപ്പ് ട്രക്കായ 2026 ഹിലക്സും ഇന്ത്യയിൽ അവതരിപ്പിച്ചു. 31.99 ലക്ഷം രൂപ പ്രാരംഭ വിലയുള്ള വാഹനത്തിൽ 204 hp കരുത്തും 500 Nm ടോർക്കും നൽകുന്ന 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. പുതുക്കിയ ഫ്രണ്ട് ഡിസൈനോടെയാണ് പുതിയ ഹിലക്സ് വിപണിയിലെത്തിയത്.

മറുപടി രേഖപ്പെടുത്തുക