ഒളിവിലായിരുന്ന അർജുന്‍ ആയങ്കി അറസ്റ്റിൽ; കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് പിടികൂടി

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുന്‍ ആയങ്കിയെ ദിവസങ്ങളായുള്ള തിരച്ചിലിനൊടുവിൽ പൊലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. അഭിഭാഷകയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പുലർച്ചെ രണ്ട് മണിയോടെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

ജാമ്യത്തിലിറങ്ങിയ ശേഷം സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവും നടത്തിയെന്ന പരാതിയെ തുടർന്നാണ് അർജുനിനെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കിയത്. കരിപ്പൂർ സ്വർണക്കടത്ത് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തെയും സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അർജുന്‍ ഒളിവിൽ കഴിയുകയായിരുന്നു.

കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് അർജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക