പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിളിൽ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ പ്ലസ് ടു ഓണപ്പരീക്ഷയുടെ ടൈംടേബിളിൽ ഭാഗിക മാറ്റം വരുത്തി. ഓഗസ്റ്റ് 18-ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ബയോളജി പരീക്ഷയും ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി പരീക്ഷയും ഓഗസ്റ്റ് 14-ന് രാവിലെ നടത്താനാണ് പുതിയ തീരുമാനം. ഇതനുസരിച്ച് പരീക്ഷാ ടൈംടേബിളിൽ ഭേദഗതി വരുത്തിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കനത്ത മഴയും പ്രളയസാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും, പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20-ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പരീക്ഷാകാലയളവിൽ ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായാൽ, അന്നത്തെ പരീക്ഷ ഓണാവധിക്ക് ശേഷം നടത്തും. ഓഗസ്റ്റ് 21-ന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. ഓണാവധി കഴിഞ്ഞ് ഓഗസ്റ്റ് 31-നാണ് സ്കൂളുകൾ വീണ്ടും തുറക്കുക.

നിലവിൽ തന്നെ നിരവധി ദിവസത്തെ അവധിയുള്ള സാഹചര്യത്തിൽ ഓണപ്പരീക്ഷകൾ കൂടി മാറ്റിവെക്കുന്നത് സ്കൂൾ അക്കാദമിക് കലണ്ടറിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ

മറുപടി രേഖപ്പെടുത്തുക