വന്ദേമാതരം വിവാദം: സോണിയ കസേര ആവശ്യപ്പെട്ടതാണ് , ഗാനം തടയാൻ ശ്രമിച്ചില്ലെന്ന് ജയറാം രമേശ്

എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ ചൊല്ലിയ വിവാദങ്ങൾക്ക് വിശദീകരണവുമായി കോൺഗ്രസ്. വന്ദേമാതരം ആലപിക്കുന്നത് ആരും തടഞ്ഞിട്ടില്ലെന്നും, സോണിയ ഗാന്ധി ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാനായിരുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഏറെ നേരം നിന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കസേര കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്ന് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങിൽ ദേശീയഗാനം ആലപിച്ചത് പുറത്തുനിന്നുള്ള ഗായകസംഘമായിരുന്നുവെന്നും, അവർക്കു കൃത്യമായ നിർദേശം നൽകുന്നതിൽ സംഘാടകരായ സേവാദളിന് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കേണ്ടതെന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും, ഇക്കാര്യം പാർലമെന്റിൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

സ്വാതന്ത്ര്യദിന ചടങ്ങിനിടെ ഗായകസംഘം വന്ദേമാതരം പൂർണമായി ആലപിച്ചതിനെ തുടർന്ന് സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ അസ്വസ്ഥത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവത്തെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായത്.

മറുപടി രേഖപ്പെടുത്തുക