അഞ്ച് വർഷത്തേക്ക് ദുബൈയിലേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം; മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുമായി യുഎഇ

ദുബൈയിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ. വിസയുടെ കാലയളവിൽ എത്ര തവണ വേണമെങ്കിലും യുഎഇയിൽ പ്രവേശിക്കാം. എന്നാൽ, ഒരു വർഷം പരമാവധി 180 ദിവസം മാത്രമേ രാജ്യത്ത് താമസിക്കാൻ കഴിയൂ.

ഒരു പ്രവേശനത്തിൽ പരമാവധി 90 ദിവസം വരെ യുഎഇയിൽ തങ്ങാം. അതിനാൽ ദീർഘകാല വിസയാണെങ്കിലും രാജ്യത്ത് തുടർച്ചയായി താമസിക്കുന്നതിനുള്ള ദിവസങ്ങൾക്ക് പരിധിയുണ്ട്.

വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കൂടാതെ, കഴിഞ്ഞ ആറ് മാസത്തിനിടെ ബാങ്ക് അക്കൗണ്ടിൽ 4,000 യുഎസ് ഡോളർ (ഏകദേശം 3.7 ലക്ഷം രൂപ) തുല്യമായ തുക ഉണ്ടായിരിക്കണം.

ഇതിന് പുറമെ ആരോഗ്യ ഇൻഷുറൻസ്, യുഎഇയിൽ നിന്നുള്ള മടക്ക ടിക്കറ്റ്, താമസസ്ഥലം തെളിയിക്കുന്ന രേഖ എന്നിവയും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.

ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA)യുടെ ഡിജിറ്റൽ സേവന സംവിധാനത്തിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ നൽകിയാൽ 48 മണിക്കൂറിനുള്ളിൽ വിസ ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പതിവായി ദുബൈ സന്ദർശിക്കുന്നവർക്ക് ഓരോ യാത്രയ്ക്കും പുതിയ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കാമെന്നതാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ പ്രധാന നേട്ടം. വിസ സംബന്ധിച്ച കൂടുതൽ വിവരങ്ങളും സേവന വിശദാംശങ്ങളും GDRFA ദുബൈയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

മറുപടി രേഖപ്പെടുത്തുക