വാട്ട്‌സ്ആപ്പിൽ ഇനി വൈദ്യുതി, ഗ്യാസ് ബില്ലുകൾ അടയ്ക്കാം; പുതിയ ‘ബിൽ പേയ്‌മെന്റ്സ്’ ഫീച്ചർ എത്തി

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പേയ്‌മെന്റ് സേവനം കൂടുതൽ വിപുലീകരിച്ച് വാട്ട്‌സ്ആപ്പ്. പുതിയ ‘ബിൽ പേയ്‌മെന്റ്സ്’ ഫീച്ചറിലൂടെ വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റ് ടാഗ്, ക്രെഡിറ്റ് കാർഡ്, ലോൺ തവണകൾ തുടങ്ങിയ വിവിധ ബില്ലുകൾ വാട്ട്‌സ്ആപ്പ് വഴി നേരിട്ട് അടയ്ക്കാം.

ഭാരത് ബിൽപേ സിസ്റ്റം (ബിബിപിഎസ്) നെറ്റ്‌വർക്കിനെ അടിസ്ഥാനമാക്കിയാണ് സേവനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളം 30 വിഭാഗങ്ങളിലായി ഏകദേശം 22,722 ബില്ലർമാർക്ക് പേയ്‌മെന്റ് നടത്താൻ സൗകര്യമുണ്ടാകും. വാട്ട്‌സ്ആപ്പ് ഹോം സ്‌ക്രീനിലെ രൂപ ചിഹ്നത്തിൽ ടാപ്പ് ചെയ്താൽ ബിൽ പേയ്‌മെന്റ്സ് വിഭാഗത്തിലെത്താം.

മുമ്പ് അടച്ച ബില്ലുകളുടെ വിവരങ്ങളും വരാനിരിക്കുന്ന പേയ്‌മെന്റുകളും ഇവിടെ പരിശോധിക്കാം. യുപിഐയ്‌ക്ക് പുറമെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. ഫീച്ചർ ഘട്ടംഘട്ടമായി ലഭ്യമാക്കുമെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ ഫിൻടെക് രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ നീക്കം. 2024 ജൂണിൽ 37 മില്യണായിരുന്ന വാട്ട്‌സ്ആപ്പ് പേ ഇടപാടുകൾ 2026 ജൂണിൽ 150 മില്യണായി ഉയർന്നിരുന്നു. പുതിയ ബിൽ പേയ്‌മെന്റ് സംവിധാനത്തോടെ പേയ്‌മെന്റ് സേവനത്തിലെ വാട്ട്‌സ്ആപ്പിന്റെ വളർച്ച കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

മറുപടി രേഖപ്പെടുത്തുക