വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് കെ. സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രിയെന്നതിന് പുറമെ ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണ് സണ്ണി ജോസഫെന്ന് ചൂണ്ടിക്കാട്ടിയ സുരേന്ദ്രൻ, ജനങ്ങളോട് ഒരല്പം മര്യാദ കാണിക്കണമെന്നും ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിന് പിന്നിലുള്ള ശാന്തിനഗർ കോളനിയിൽ കഴിഞ്ഞ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറോളം വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ഭരണസിരാകേന്ദ്രത്തിന് സമീപം പോലും ഇത്രയും നേരം വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളുടെ സ്ഥിതി പറയേണ്ടതില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:
“ബഹുമാനപ്പെട്ട ശ്രീ. സണ്ണി ജോസഫ്, താങ്കൾ വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല, ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണ്. ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം. പവർ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് പൊതുജനം.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ പിന്നിലെ ശാന്തിനഗർ കോളനിയിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയത്. അപ്പോൾ പിന്നെ ബാക്കി സ്ഥലങ്ങളുടെ കാര്യം പറയാനില്ലല്ലോ.”
