ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിന് സുപ്രധാന നിർദേശങ്ങളുമായി സുപ്രീം കോടതി. സംസ്ഥാനത്തെ ഓരോ ജില്ലയിലും നവോദയ സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സർക്കാർ ഭൂമി കണ്ടെത്തണമെന്ന 2025 ഡിസംബർ 15ലെ ഉത്തരവ് പാലിക്കണമെന്ന് കോടതി നിർദേശിച്ചു. അതേസമയം, നവോദയ സ്‌കൂളുകളുമായി ബന്ധപ്പെട്ട ഭാഷാ നയത്തിലെ ഭിന്നതകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്. തമിഴ്നാട്ടിൽ ഹിന്ദി പഠിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നവോദയ വിദ്യാലയങ്ങൾ സംസ്ഥാനത്തെ നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനത്തെ താഴ്ത്തിക്കാണിക്കില്ലെന്നും മറിച്ച് വിദ്യാർഥികൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ നൽകുമെന്നും കോടതി വ്യക്തമാക്കി.
‘നിങ്ങൾ നിങ്ങളുടെ മനോഭാവം മാറ്റണം. കേന്ദ്രം നവോദയ വിദ്യാലയങ്ങൾ നൽകുകയാണ്. ഇവ തമിഴ്നാട്ടിന്റെ നിലവാരം കുറയ്ക്കില്ല. സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തോടെ പ്രവർത്തിക്കണം. ഡൽഹിയിലെ ജനങ്ങൾ ചെന്നൈയിലെ ജനങ്ങളെ അകറ്റരുത്, ചെന്നൈയിലെ ജനങ്ങളും ഡൽഹിയിലെ ജനങ്ങളെ അകറ്റരുത്’ എന്ന നിലപാടാണ് ബെഞ്ച് മുന്നോട്ടുവച്ചത്.
കേന്ദ്ര സർക്കാർ നടത്തുന്ന നവോദയ വിദ്യാലയങ്ങളിൽ ത്രിഭാഷാ രീതിയാണ് പിന്തുടരുന്നത്. ഇതിൽ ഹിന്ദിയും ഉൾപ്പെടുന്നു. എന്നാൽ തമിഴ്നാട് ദ്വിഭാഷാ നയമാണ് പിന്തുടരുന്നതെന്നും നവോദയ വിദ്യാലയങ്ങളുടെ ത്രിഭാഷാ മാതൃക സംസ്ഥാനത്തിന്റെ നിലവിലെ വിദ്യാഭ്യാസ നയവുമായി പൊരുത്തപ്പെടുന്നില്ലെന്നും സംസ്ഥാന സർക്കാർ വാദിക്കുന്നു. നവോദയ പദ്ധതി നിർബന്ധിതമല്ലെന്നും അതിനാൽ സംസ്ഥാനത്തെ അത് സ്വീകരിക്കാൻ നിർബന്ധിക്കാനാകില്ലെന്നുമാണ് തമിഴ്നാടിന്റെ നിലപാട്.
2025 ഡിസംബർ 15ന് ഓരോ ജില്ലയിലും നവോദയ സ്‌കൂളുകൾക്കായി ആവശ്യമായ ഭൂമി കണ്ടെത്താൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യം നിലവിലെ ബെഞ്ച് അംഗീകരിച്ചില്ല. പകരം, ഭൂമി തിരിച്ചറിയുന്നതിനായി മൂന്ന് മാസം കൂടി സമയം അനുവദിച്ചു. ഉടൻ ഭൂമി ഏറ്റെടുക്കണമെന്നല്ല, അനുയോജ്യമായ സർക്കാർ ഭൂമി കണ്ടെത്തി തിരിച്ചറിയണമെന്നാണ് നിർദേശമെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഭാഷാ നയവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും കോടതി നിർദേശിച്ചു. വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര പദ്ധതിയെ സംസ്ഥാനത്തിന്റെ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തെ ഇല്ലാതാക്കാനുള്ള നീക്കമായി കാണേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് ഡിസംബർ 14ന് വീണ്ടും പരിഗണിക്കും.
