മുഖ്യമന്ത്രി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് അടിയന്തര സാഹചര്യം മൂലം: മന്ത്രി സണ്ണി ജോസഫ്

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെക്കുറിച്ച് പത്രങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടായതിനാലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്നാണ് ലഭിച്ച വിവരം. നേരത്തെ ഉണ്ടായ ഹെലികോപ്റ്റർ വിവാദത്തെക്കുറിച്ച് എല്ലാവർക്കും അറിയാമല്ലോയെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച് താൻ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യമില്ല. കർണാടകയിലെ വൈദ്യുതി മന്ത്രിയുമായി സംസാരിച്ചെങ്കിലും അവിടെയും വൈദ്യുതി ലഭ്യമല്ലെന്നാണ് അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ആണവനിലയങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തി തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉത്പാദന മേഖലയിൽ കേരളം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക