പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; എഡിജിപിയുടെ നിർദേശം

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ജില്ലാ പൊലീസ് മേധാവികൾക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്എച്ച്ഒ) ഉൾപ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും അവധി അനുവദിക്കണമെന്നാണ് നിർദേശത്തിലുള്ളത്. അടിയന്തര സേവനങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് എല്ലാവർക്കും കൃത്യമായി അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികൾ ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഓരോ ഉദ്യോഗസ്ഥന്റെയും ആഴ്ചയിലെ അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനുമുള്ള അവസരം ഉദ്യോഗസ്ഥർക്ക് ലഭിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആവശ്യങ്ങൾക്കും ചടങ്ങുകൾക്കുമായി അവധി അനുവദിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും എഡിജിപി നിർദേശിച്ചു. അതീവ അടിയന്തരവും ഒഴിവാക്കാനാകാത്തതുമായ സാഹചര്യങ്ങൾ ഒഴികെ ഉദ്യോഗസ്ഥർക്ക് അർഹമായ പ്രതിവാര അവധി നിഷേധിക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

സംസ്ഥാന പൊലീസ് സേനയിലെ ജോലിഭാരം, മാനസിക സമ്മർദ്ദം, കുടുംബജീവിതത്തിന് സമയം ലഭിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക