ക്രമക്കേട് അറിഞ്ഞിട്ടും അനുവദിച്ചെങ്കിൽ രാജ്യദ്രോഹം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക

തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് അനുവദിച്ചിട്ടുണ്ടെങ്കിൽ നടപടി രാജ്യത്തോടുള്ള വഞ്ചനയും രാജ്യദ്രോഹത്തിന് തുല്യവുമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര. വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ ക്രമക്കേടുകൾ നടന്നുവെന്ന റിപ്പോർട്ടുകളും കമ്മീഷണർമാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകളും അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രിയങ്ക പറഞ്ഞു. ജനാധിപത്യത്തെ സംബന്ധിച്ച ഇത്തരം വിഷയങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണമായ (SIR) നടപടിക്കിടെ പേരുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും എതിർപ്പുകൾ ഉന്നയിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകളും പ്രിയങ്ക ചൂണ്ടിക്കാട്ടി. വോട്ടർപട്ടികയിലെ ക്രമക്കേടുകളും മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന ആരോപണങ്ങളും അവർ പരാമർശിച്ചു.

തിരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടക്കാതെ വരികയോ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുകയോ ചെയ്താൽ അത് ജനാധിപത്യത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാകുമെന്ന് പ്രിയങ്ക പറഞ്ഞു. മാധ്യമങ്ങളിൽ പുറത്തുവന്ന വിവരങ്ങൾ വസ്തുതാപരമാണെങ്കിൽ വിഷയം ഗൗരവമായി പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ കമ്മീഷൻ വിശദീകരണം നൽകിയിട്ടുണ്ട്. വ്യക്തിഗത അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ കമ്മീഷന്റെ അന്തിമ തീരുമാനങ്ങളായി കണക്കാക്കാനാകില്ലെന്നും SIR ഉൾപ്പെടെ കമ്മീഷൻ എടുത്ത എല്ലാ തീരുമാനങ്ങളും മൂന്ന് അംഗങ്ങളുടെയും അംഗീകാരത്തോടെ ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്നുമാണ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയത്.

ഇതിനിടെ, സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വിവിധ വിഷയങ്ങളിൽ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പുകൾ ഉന്നയിച്ചതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തിരുന്നു. വോട്ടർപട്ടികയിലെ പേരുകൾ ചേർക്കൽ, നീക്കം ചെയ്യൽ, ഫോം-6ലെ മാറ്റങ്ങൾ, വോട്ടർ ഡാറ്റ കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ട എതിർപ്പുകൾ.

മറുപടി രേഖപ്പെടുത്തുക