കനത്ത മഴ; ഉരുൾപൊട്ടൽ സാധ്യത ഉയരുന്നു; വടക്കൻ കേരളം അതീവ ജാഗ്രതയിൽ

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്‍ഡിഎംഎ) മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 24 വൈകീട്ട് മുതൽ സെപ്റ്റംബർ 25 പകൽവരെ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

രാത്രികാലങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം. അപകടസാധ്യതയുള്ള റോഡുകളിലൂടെയുള്ള യാത്രകളും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സാഹചര്യം ഗുരുതരമാകുകയാണെങ്കിൽ അധികൃതരുടെ നിർദേശപ്രകാരം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പുഴകൾ, തോടുകൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ സമീപത്തേക്ക് പോകരുതെന്നും നിർദേശമുണ്ട്.

ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പൊട്ടിവീണ വൈദ്യുതി ലൈനുകളുടെ സമീപത്തേക്ക് പോകരുതെന്നും അധികൃതർ അറിയിച്ചു.

ഔദ്യോഗിക സംവിധാനങ്ങൾ നൽകുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത സന്ദേശങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക